ബര്‍ലിന്‍: 2018ല്‍ റഷ്യ ആതിഥ്യം വഹിക്കുന്ന ഫുട്‌ബോള്‍ ലോക കപ്പിനുള്ള ഭാഗ്യചിഹ്നമായി ചെന്നായയെ തെരഞ്ഞെടുത്തു. സബിവാക എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. സ്‌കോറുകള്‍ ഒരു ഹിറ്റ് (Der einen Treffer erzie) എന്നാണ് സബിവാകയുടെ അര്‍ഥം. മോസ്‌കോയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഒരു കടുവയും ഒരു പൂച്ചയുമാണ് ചെന്നായയുമായി കടുത്ത മത്സരത്തിലുണ്ടായിരുന്നത്. എന്നാല്‍, 53 ശതമാനം വോട്ട് നേടി ചെന്നായ ബഹുദൂരം മുന്നിലെത്തിയപ്പോള്‍ കടുവയ്ക്ക് 27 ശതമാനവും പൂച്ചയ്ക്ക് 20 ശതമാനവും വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
റഷ്യന്‍ കുട്ടികളുടെ ഇഷ്ടഭാജനമാണ് ചെന്നായ്കുട്ടികള്‍. അതുകൊണ്ടുതന്നെ ഓണ്‍ലൈനില്‍ നടത്തിയ ചോദ്യാവലിയിലും ഭാഗ്യതാരമായ ചെന്നായ മുന്നിട്ടു നിന്നിരുന്നതായി ഫിഫ ജനറല്‍ സെക്രട്ടറി ഫാത്മ സമോറ പറഞ്ഞു. റഷ്യന്‍ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ആരംഭിക്കാന്‍ 18 മാസം ബാക്കി നില്‍ക്കെ മല്‍സരത്തിന്റെ വിശാലമായ പ്രോജക്ടുകള്‍ താമസിയാതെ തുടങ്ങുമെന്നു റഷ്യന്‍ കായിക മന്ത്രി വിറ്റാലി മുട്‌കോ അറിയിച്ചു.
റഷ്യന്‍ വേള്‍ഡ് കപ്പിലേയ്ക്കുള്ള യോഗ്യതാ മല്‍സര റൗണ്ടുകള്‍ നേരത്തെ തുടങ്ങിയിരുന്നു. സൗത്ത് അമേരിക്കയില്‍ 10 രാജ്യങ്ങളാണ് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ 45 ടീമുകള്‍ തമ്മിലുള്ള മല്‍സരം ഈ വര്‍ഷം ഓഗസ്റ്റില്‍ തുടങ്ങിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ 54 ടീമുകള്‍ സെപ്റ്റംബര്‍ മുതലും ആഫ്രിക്കന്‍ വന്‍കരയിലെ 53 ടീമുകള്‍ ഒക്ടോബര്‍ മുതലും മാറ്റുരയ്ക്കല്‍ ആരംഭിച്ചു. നോര്‍ത്ത്, മധ്യ അമേരിക്കന്‍, കരീബിക് രാജ്യങ്ങളിലെ 35 ടീമുകള്‍ നവംബറിലും ഓഷ്യാനിക് രാജ്യങ്ങളിലെ 11 ടീമുകള്‍ 2017 മാര്‍ച്ചിലും യോഗ്യതാ മല്‍സരങ്ങള്‍ ആരംഭിക്കും.
2018 ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് റഷ്യയിലെ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ അരങ്ങേറുക. മോസ്‌കോയുള്‍പ്പടെ 12 സ്‌റ്റേഡിയങ്ങളിലാണ് 64 മല്‍സരങ്ങള്‍. ഉദ്ഘാടന, ഫൈനല്‍ മല്‍സരങ്ങള്‍ മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലും. 2017 ല്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പിലും സബിവാക തന്നെയാവും ഭാഗ്യചിഹ്നം.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
