പാരീസ്: റഷ്യ-യുക്രെയ്ൻ സമാധാന കരാർ സാധ്യമാകുന്നതിന്റെ വ്യക്തമായ സൂചനകൾ ദിവസങ്ങൾക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമത്തിൽനിന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പിന്മാറുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യൂറോപ്യൻ, യുക്രെയ്നിയൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പാരീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാന ചർച്ച നീളാൻ പാടില്ല, നീണ്ടുപോകുകയാണെങ്കിൽ ചർച്ച ഉപേക്ഷിക്കാൻ ട്രംപ് തയാറാണ്. വിഷയത്തിൽ വരുംദിവസങ്ങളിൽ പുരോഗതി ഉണ്ടാകുന്നില്ലെങ്കിൽ അമേരിക്ക പിന്മാറുമെന്ന് സ്റ്റേറ്റ് സെക്രട്ടറി അന്ത്യശാസനം നൽകി. ആഴ്ചകളോ മാസങ്ങളോ വലിച്ചുനീട്ടാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. തങ്ങൾക്കു മറ്റു കാര്യങ്ങളിൽ മുൻഗണന നൽകേണ്ടതുണ്ടെന്നും റൂബിയോ വ്യക്തമാക്കി.
വ്യാഴാഴ്ച പാരീസിൽ നടന്ന ചർച്ചകൾക്കു ശേഷം-യൂറോപ്യൻ ശക്തികളെ ഉൾപ്പെടുത്തിയ ട്രംപിന്റെ സമാധാനനീക്കത്തിനു മികച്ച സ്വീകരണം ലഭിച്ചതായും റൂബിയോ പറഞ്ഞു. അതേസമയം, ചർച്ച ക്രിയാത്മകമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ ഓഫീസ് വിശേഷിപ്പിച്ചു.