മഴക്കാലത്ത് കട്ടൻചായയും ജോണ്സണ് മാഷ്ടെ പാട്ടും നമ്മുടെ ശീലങ്ങളിൽ ചേർന്നലിയാൻ തുടങ്ങിയിട്ട് കാലങ്ങളായി. മഴക്കാലം കൊട്ടിക്കയറാൻ തുടങ്ങുന്പോൾ ചൂടോടെ സൂപ്പു കുടിക്കുന്നത് വേറൊരു ഫീലാണ്. മഴയുടെ തണുപ്പ് പടരുന്പോൾ രുചികരവും പോഷകപ്രദവുമായ പലതരം സൂപ്പുകൾ വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതാണ്. മഴതീരും വരെ സൂപ്പുകൾ ഒരു ശീലമാക്കയാൽ മഴ കഴിഞ്ഞാലും ആ ശീലം തുടരും…
പച്ചക്കറികൾ, ഔഷധഗുണമുള്ള സസ്യങ്ങൾ എന്നിവ സൂപ്പിൽ ഉൾപ്പെടുത്തുന്പോൾ അത് ധാരാളം വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് കിട്ടുന്നതിന് സഹായകമാകുന്നു. പ്രോട്ടീൻ ലഭിക്കാനും സൂപ്പുകൾ നല്ലതാണ്. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ പോഷകസമൃദ്ധമായ സൂപ്പുകൾ പോലെ മറ്റു വിഭവമില്ല.
ഈർപ്പമുള്ള കാലാവസ്ഥയാണെങ്കിലും സൂപ്പുകൾ ശരീരത്തിൽ ശരിയായ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. സൂപ്പുകൾ ചൂടോടെ വേണം കഴിക്കാൻ. ശരീരത്തിന് പെട്ടന്ന് ചൂടു നൽകാൻ സൂപ്പുകൾ ഉത്തമമാണ്. മഴയിൽ തണുപ്പ് ശക്തമാകുന്പോൾ സൂപ്പ് കഴിച്ചാൽ ശരീരം പെട്ടെന്ന് ചൂടാകും. സൂപ്പുകൾ പെട്ടെന്ന് ദഹിക്കുമെന്നതും മഴക്കാലത്ത് ആരോഗ്യത്തിന് ഗുണകരമാണ്. ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞളും ഇലകൾ, ചിക്കൻ, കടല, പയർ തുടങ്ങിയവ മഴക്കാലത്തെ സൂപ്പുകളിൽ പരമാവധി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
മുരിങ്ങയില സൂപ്പ്
ഒരു ചീനച്ചട്ടിയിൽ നെടുകെ കീറിയ രണ്ടു കപ്പ് മുരിങ്ങക്കായയും വെള്ളവും എടുക്കുക. മുരിങ്ങക്കായ നന്നായി വേവിക്കുക. തണുത്ത ശേഷം അരിച്ചെടുക്കുക. പിന്നീട് മുരിങ്ങക്കയുടെ അകത്തുള്ളത് നീക്കി മാറ്റി വയ്ക്കുക. മറ്റൊരു കുക്കറിൽ മുരിങ്ങയില, സവാള, വെളുത്തുള്ളി, തക്കാളി, കുരുമുളക്, ജീരകം, പാകത്തിന് ഉപ്പ് എന്നിവ കുറച്ച് വെള്ളം ചേർത്ത് രണ്ടു വിസിൽ അടിയ്ക്കുന്നതുവരെ തിളപ്പിക്കുക. തണുത്തശേഷം, മാറ്റിവച്ചവ ചേർത്ത് യോജിപ്പിക്കുക. വീണ്ടും തിളപ്പിക്കുക. ശേഷം മല്ലിയില ചേർത്ത് കഴിക്കാം.
ചീര-പയർ സൂപ്പ്
പോഷകസമൃദ്ധമായ സൂപ്പാണ് ചീരയും ചുവന്ന പയറും ചേർത്തുള്ള ഈ ഫ്യൂഷൻ സൂപ്പ്. ചീരയിലയും പയറും നന്നായി വേവിച്ച് കുരുമുളക് പൊടിയും ഉപ്പും ആവശ്യമെങ്കിൽ ചെറുനാരങ്ങ നീരും ചേർത്ത് ഉപയോഗിക്കാം. മല്ലിയില ചേർക്കാവുന്നതാണ്. അയേണ് കണ്ടന്റ് കൊണ്ട് സന്പന്നമാണ് ചീരയെങ്കിൽ പ്രോട്ടീൻ സമൃദ്ധമാണ് പയർ. പോഷകസമൃദ്ധിക്കൊപ്പം രോഗ- പ്രതിരോധശേഷി വർധിപ്പിക്കാനും ഈ സൂപ്പ് സഹായിക്കും.
വെജിറ്റബിൾ സൂപ്പ്
ഏതെല്ലാം പച്ചക്കറികൾ സൂപ്പിനുപയോഗിക്കാമോ അതെല്ലാം ഉപയോഗിക്കുക. പച്ചക്കറികൾ കൂടുന്നത് സൂപ്പിന് ഗുണമേ ചെയ്യൂ. പലതരം പച്ചക്കറികൾ അരിഞ്ഞതിനൊപ്പം ബാർലിയും ചേർത്ത് സൂപ്പുണ്ടാക്കുന്നത് വേറിട്ട രുചിയും ഗുണവും നൽകും. ബാർലി സൂപ്പിൽ ചേർക്കുന്പോൾ അത് ആരോഗ്യപ്രദമായ സൂപ്പായി മാറുന്നു. പച്ചക്കറികൾക്കും ബാർലിക്കുമൊപ്പം സൂപ്പിനെ മോഡിഫൈ ചെയ്യാൻ കുരുമുളക് പൊടിയും നാരങ്ങനീരും മല്ലിയിലയുമൊക്കെ ചേർക്കാം.
കാരറ്റ് സൂപ്പ്
കാരറ്റ് വേവിച്ചുണ്ടാകുന്ന സൂപ്പിനൊപ്പം ഇഞ്ചിയും വെളുത്തുള്ളിയും (രുചി ഇഷ്ടമാകുമെങ്കിൽ) ചേർക്കുന്നത് നല്ലതാണ്. കാരറ്റ് സൂപ്പ് പ്രതിരോധ ശേഷിക്ക് ഉത്തമമായ വിറ്റാമിൻ എ നൽകുന്നു. വെള്ളത്തിൽ വേവിക്കുന്നതിനു പകരം കാരറ്റ് തേങ്ങാപ്പാലിൽ വേവിക്കുന്നത് ഗുണവും രുചിയും കൂട്ടും. മഴക്കാലത്ത് ഇഞ്ചി പതിവാക്കുവാൻ ശ്രദ്ധിക്കുക.
തക്കാളി സൂപ്പ്
എങ്ങിനെ വേണമെങ്കിലും മോഡിഫൈ ചെയ്ത് ഉണ്ടാക്കാൻ കഴിയുന്ന സൂപ്പാണ് തക്കാളി സൂപ്പ്. തക്കാളിക്കൊപ്പം മല്ലിയില ചേർക്കുന്നത് പതിവാണെങ്കിലും തക്കാളിക്കൊപ്പം തുളസിയില ചേർത്ത് സൂപ്പു തയാറാക്കുകയാണെങ്കിൽ അത് പുതിയ രുചി അനുഭവമായിരിക്കും. നൂഡിൽസ് ഇതിൽ ചേർക്കുകയാണെങ്കിൽ ടേസ്റ്റും ലുക്കും മാറും. തക്കാളി സൂപ്പിൽ ക്രീമുകളും ചേർക്കാറുണ്ട്.
ചിക്കൻമഞ്ഞൾ സൂപ്പ്
ചിക്കനും മഞ്ഞളും മഴക്കാലത്ത് ശരീരത്തിന് നല്ലതാണെന്നതിനാൽ ഇതു രണ്ടും സൂപ്പുകളുടെ പട്ടികയിൽ മറക്കാതെ ഉൾപ്പെടുത്താവുന്നതാണ്. പച്ചക്കറികൾ ഒരു പാനിൽ എണ്ണ ചേർത്ത് വഴറ്റുക. കാരറ്റും കാപ്സിക്കവും ഉള്ളിയും തുടങ്ങി ഏത് പച്ചക്കറി വേണമെങ്കിലും ഇഷ്ടാനുസരണം ചേർക്കാം. പച്ചക്കറികൾ വഴറ്റിയശേഷം ഇതിലേക്ക് കുരുമുളകുപൊടിയും ഗരം മസാലയും ഉപ്പും ചേർക്കുക. ചിക്കൻ വേവിച്ച വെള്ളം ഈ പച്ചക്കറികളിലേക്ക് ചേർക്കുക. ഇത് സൂപ്പിന് വേറെ ലെവൽ രുചി കൊടുക്കും. ഈ വെള്ളം ചേർത്ത് തിളപ്പിച്ച ശേഷം തേങ്ങാപ്പാൽ ചേർത്ത് മൂന്നോ നാലോ മിനുറ്റ് തിളപ്പിച്ച് ചെറുതായി അരിഞ്ഞു വേവിച്ച ചിക്കൻ കഷ്ണങ്ങൾ മഞ്ഞൾപൊടി കൂടി ചേർത്ത് ഇതിലേക്ക് ഇടുക. തിളപ്പിച്ച ശേഷം മല്ലിയില ചേർത്ത് ചൂടോടെ കഴിക്കുക.
സ്വീറ്റ് കോണ് സൂപ്പ്
മധുരമുള്ള ചോളം കൊണ്ടുണ്ടാക്കുന്ന സൂപ്പ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാകും. കാരറ്റും ചുവന്ന പയറും ചെറുതായി അരിഞ്ഞ പച്ചക്കറികളും ചോളത്തിനൊപ്പം ചേർത്ത് വേവിച്ച് സൂപ്പ് തയാറാക്കാം.
മഷ്റൂം ക്രീം സൂപ്പ്
മഷ്റൂം അഥവാ കൂണ് കൊണ്ടുള്ള സൂപ്പുകൾ മഴക്കാലത്ത് കഴിക്കേണ്ടതാണ്. പച്ചക്കറികൾ, വെളുത്തുള്ളി, ക്രീം, കുരുമുളകു പൊടി എന്നിവയ്ക്കൊപ്പം കൂണ് ചേർത്ത് രുചികരമായ സൂപ്പ് തയാറാക്കാം. മല്ലിയില ചേർക്കാനും മറക്കണ്ട.
ലെമണ് കൊറിയന്റർ ലീവ്സ് സൂപ്പ്
പേരു കേട്ട് ഞെട്ടണ്ട, സംഗതി നമ്മുടെ ചെറുനാരങ്ങയും മല്ലിയിലയും ചേർത്ത സൂപ്പാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സൂപ്പ് ഏറെ രുചികരവും മഴക്കാലത്ത് ശരീരത്തിന് ഏറെ നല്ലതുമാണ്. മല്ലിയില ചെറുനാരങ്ങ നീരു ചേർത്ത് വേവിച്ചെടുക്കുന്ന വളരെ സിംപിൾ ആയ സൂപ്പാണത്. ചെറുതായി അരിഞ്ഞ കാരറ്റ്, കാപ്സിക്കം, സബോള, തക്കാളി എന്നിവ വേണമെങ്കിൽ ചേർക്കാം. വളരെ ഫ്രഷ് ആയ സുഗന്ധം ഈ സൂപ്പിന്റെ സവിശേഷതയാണ്.
മത്തങ്ങ സൂപ്പ്
കൂട്ടാൻ വയ്ക്കാൻ മാത്രമല്ല സൂപ്പിനും മത്തങ്ങ സൂപ്പറാണ്. മത്തങ്ങ കഷ്ണങ്ങളായി അരിഞ്ഞ് ഉള്ളി, വെളുത്തുള്ളി, ഒരു നുള്ള് ജാതിക്ക പൊടിച്ചത് എന്നിവ ചേർത്ത് മല്ലിയിലയും കുരുമുളകുപൊടിയും ചേർത്ത് സൂപ്പുണ്ടാക്കാം.
ഋഷി