പരവൂർ: സ്വകാര്യ ഓപ്പറേറ്റർമാരെ അമ്പരിപ്പിച്ച് ബിഎസ്എൻഎൽ വീണ്ടും പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു.50 ദിവസത്തേയ്ക്ക് 347 രൂപയാണ് പുതിയ പ്ലാനിൻ്റെ നിരക്ക്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസേന 100 സൗജന്യ എസ്എംഎസുകൾ എണിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
നിലവിൽ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളിൽ ആരും ഇത്തരത്തിൽ 50 ദിവസം കാലാവധിയുള്ള പ്ലാനുകളൊന്നും നൽകുന്നില്ല. ഈ പ്ലാൻ അനുസരിച്ച് ഉപയോക്താക്കൾക്ക് പ്രതിദിനം ഏഴ് രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതാണ് ബിഎസ്എൻഎൽ ഏറ്റവും വലിയ സവിശേഷതയായി എടുത്തുകാട്ടുന്നത്.
സ്വകാര്യ കമ്പനികളിൽ ഭൂരിഭാഗവും 56 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇത് ബിഎസ്എൻഎലിന്റെ ഇപ്പോഴത്തെ ഓഫറിനേക്കാൾ ഇരട്ടിയോളം ചെലവേറിയതുമാണ്.ബിഎസ്എൻഎൽ അവരുടെ 50 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന്റെ വിശദാംശങ്ങൾ സമൂഹ മാധ്യമമായ എക്സിലൂടെയാണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്. ഈ പ്ലാനിൽ സൗജന്യ ദേശീയ റോമിംഗും ഉപയോക്താക്കൾക്ക് ലഭിക്കും.
ഇത് കൂടാതെ ബിഐടിവി ആപ്പിലൂടെ ഉപയോക്താക്കൾക്ക് 350 ലധികം ലൈവ് ടിവി ചാനലുകൾ കാണാനും അവസരമുണ്ട്. വൈവിധ്യമാർന്ന ജനപ്രിയ സ്ട്രീമിംഗ് ആപ്പുകൾ ആസ്വദിക്കാനും അനുവദിക്കുന്ന സേവനമായ ബിഐടിവിയിലേക്ക് സൗജന്യ ആക്സസ് ആണ് ബിഎസ്എൻഎൽ നൽകുന്നത്.
ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ബിഎസ്എൻഎലിന്റെ 5-ജി സേവനം രാജ്യത്ത് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. രാജ്യത്ത് ഉടനീളമുള്ള ടെലികോം സർക്കിളുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നതിന് മുമ്പ് ഡൽഹിയിലും മുംബൈയിലും പൈലറ്റ് പ്രോജക്ടായി മെയ്ഡ് ഇൻ ഇന്ത്യ 5-ജി സേവനം ഉടൻ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതിന്റെ മുന്നോടിയായാണ് രാജ്യത്ത് ഉടനീളം കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഏറ്റവും ചെലവ് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളുമായി ബിഎസ്എൻഎൽ രംഗത്ത് വന്നിട്ടുള്ളത്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ഇതിലും ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ് ബിഎസ്എൻഎൽ.
- എസ്.ആർ. സുധീർ കുമാർ

