മാന്നാർ: മേഘാലയയിൽനിന്ന് മാന്നാറിൽ എത്തി സംരംഭകയായ താര താരമാകുന്നു. പുതിയ സംരംഭകർക്ക് താര പ്രചോദനമായിരിക്കുകയാണ്. അവരെ കാര്യങ്ങൾ പഠിപ്പിക്കാൻ താര മുന്നിലുണ്ട്. പരുമല ദേവസ്വംബോർഡ് പമ്പാ കോളജ് വിമൻസ് സെൽ, ഇഡി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംരംഭക പരിശീലന പരിപാടിയിൽ കുട്ടികൾക്ക് പ്രചോദനമായി ക്ലാസ് നൽകാൻ താര മോഹനൻ മുന്നിട്ടിറങ്ങി.
യുപിഎസ്സി മോഹവുമായി മേഘാലയയിൽനിന്ന് മാന്നാറിന്റെ ഹൃദയത്തിലേക്ക് ചേക്കേറിയ താര, മാന്നാറിൽ കഫേ മോമോസ് എന്ന പേരിൽ ഒരു ചെറിയ സംരംഭം നടത്തിയാണ് തന്റെ സ്വപ്നം കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്. മോമോസ് എന്ന നേപ്പാളി തനത് ഭക്ഷണം മാന്നാറിൽ ആദ്യമായി പരിചയപ്പെടുത്തിയാണ് താര വനിതാ സംരഭകയായത്.
കുടുംബശ്രീ സംഘങ്ങളുടെ സഹായത്തോടെ തുടങ്ങിയ കഫേ ഇന്ന് അഞ്ചു കുടുംബങ്ങൾക്ക് താങ്ങായിരിക്കുകയാണ്. ഇതിനെ ഒരു റെസ്റ്റോറന്റാക്കാനുള്ള ശ്രമത്തിലാണ് താര.മൾട്ടിനാഷണൽ കമ്പനിയിലും പത്രമാധ്യമത്തിലും തനിക്കുണ്ടായിരുന്ന ജോലി വേണ്ടെന്നുവച്ചാണ് സിവിൽ സർവീസ് പഠിതാവും പരിശീലകയുമായി താര മാറിയത്. ഒരു കുടുംബത്തിനെങ്കിലും കൈത്താങ്ങാവുക എന്ന മോഹമാണ് സംരംഭകയിലേക്കു താരയെ എത്തിച്ചത്.
പണമല്ല മറിച്ച് നൂതന ആശയങ്ങളും താത്പര്യവുമുള്ള മേഖലയിലെ മാർക്കറ്റ് ഗ്യാപ് കണ്ടെത്തുകയാണ് സംരംഭകരുടെ പ്രധാന വെല്ലുവിളി. കേരളത്തിൽ മികച്ച സ്ട്രീറ്റ് ഫുഡ് സംസ്കാരം വരേണ്ടതുന്നെന്നും സംരഭകർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മികച്ച പിന്തുണയാണ് നൽകുന്നതെന്നും കുട്ടികളുമായുള്ള സംവാദത്തിൽ താര അഭിപ്രായപ്പെട്ടു.
പരുമല പമ്പാ കോളജിന്റെ ഓർണമെന്റൽ ഗേറ്റിനു സമീപം വൈകുന്നേരം മൂന്ന് മുതൽ ഒൻപത് വരെയാണ് താരയുടെ കഫേ മോമോസ് പ്രവർത്തിക്കുന്നത്. സ്ട്രീറ്റ് ഫുഡ് രംഗത്ത് സ്ത്രീ സാനിധ്യം കുറവാണെന്നും എന്നാൽ സമൂഹമനഃസ്ഥിതി മാറിവരുന്നുണ്ടെന്നും താര അഭിപ്രായപ്പെട്ടു.
കോളജ് പ്രിൻസിപ്പൽ പ്രഫ. എസ്. സുരേഷ് അധ്യക്ഷനായ ചടങ്ങിൽ വിമൻസ് സെൽ കൺവീനർ ഡി.വി. വിജയലക്ഷ്മി,, ഇഡി ക്ലബ്ബ് കൺവീനർ വി.എൻ.ഡോ. ഷൈനി എന്നിവർ പങ്കെടുത്തു.
