മലപ്പുറം: സയ്യിദ് അലി മജീദിനെ തോൽപിക്കാൻ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവച്ചു. സ്ത്രീകൾക്കെതിരെ വിവാദ പ്രസംഗവുമായി സിപിഎം നേതാവ്. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊടക്കൽ വാർഡിൽനിന്ന് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സയ്യിദ് അലി മജീദാണ് അധിക്ഷേപ പ്രസംഗം നടത്തിയത്.
‘വനിതാ ലീഗിനെ പറയാൻ പാടില്ല, ജമീലത്താത്ത മാസ്ക് വച്ച് ഇറങ്ങിക്കഴിഞ്ഞാൽ ജമീലത്താത്താനെ മാത്രമല്ല, പാണക്കാട്ടെ തങ്ങൾമാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അത് കേൾക്കാൻ ആണത്തവും ഉളുപ്പും ഉള്ളവൻ മാത്രം ഈ പരിപാടിക്കിറങ്ങിയാൽ മതി. അല്ലെങ്കിൽ വീട്ടുമ്മയായി കഴിഞ്ഞാൽ മതി’.
“അന്യ ആണുങ്ങളുടെ മുന്നിൽ പോയി നിസാരമായ ഒരു വോട്ടിനുവേണ്ടി, സെയ്തലവി മജീദിനെ തോൽപിക്കാൻ വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവയ്ക്കാനല്ല എന്ന് ഇവർ മനസിലാക്കണം.
ഞങ്ങളൊക്കെ മക്കളെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്കൊക്കെ പ്രായപൂർത്തിയായ മക്കൾ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനുമാണ്’. -എന്നിങ്ങനെയാണ് പ്രസംഗം.
പാർട്ടി ചുമതല താൽക്കാലികമായി മറ്റൊരാൾക്ക് കൈമാറിയാണ് സയ്യിദ് അലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്. ഈ വാർഡിൽ 20 ഓളം വനിതാലീഗ് പ്രവർത്തകരുടെ കൂട്ടായ്മ വോട്ട് തേടി രംഗത്തിറങ്ങിയിരുന്നു.
അതേസമയം, അന്യപുരുഷൻമാർക്ക് മുന്നിൽ സ്ത്രീകളെ ഇറക്കി വോട്ടുതേടിയതിനെയാണ് താൻ വിമർശിച്ചത് എന്നാണ് സയ്യിദ് അലിയുടെ ന്യായീകരണം. മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ചു എന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. സയ്യിദ് അലിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു
