സിഡ്നി: ഓസ്ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 16 പേരെ വെടിവച്ചുകൊന്നത് 50-ഉം 24-ഉം പ്രായമുള്ള അച്ഛനും മകനുമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ്. സിഡ്നിയിലെ ജൂതസമൂഹത്തെ ലക്ഷ്യമിട്ടു നടന്ന വെടിവയ്പ് ഭീകരാക്രമണമായി പ്രഖ്യാപിച്ചതായും പോലീസ് അറിയിച്ചു.
ഭീകരരായ സാജിദ് അക്രം, നവീദ് അക്രം എന്നിവർ അച്ഛനും മകനുമാണ്. സാജിദ് അക്രത്തെ സംഭവസ്ഥലത്തുവച്ചു പോലീസ് വധിച്ചിരുന്നു. നവീദ് അക്രം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചെന്നും പോലീസ് അറിയിച്ചു. സംഭവസ്ഥലത്തിനടുത്തുനിന്നു കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സാജിദ് അക്രത്തിന് തോക്ക് ലൈസൻസ്
ആക്രമണത്തിനു തൊട്ടുപിന്നാലെ പടിഞ്ഞാറൻ സിഡ്നിയിലെ ബോണിറിഗ്, കാംപ്സി എന്നീ സബർബുകളിലെ രണ്ട് സ്ഥലങ്ങളിൽ പോലീസ് രാത്രിയിൽ റെയ്ഡ് നടത്തി. ഭീകരൻ സാജിദ് അക്രത്തിന്റെ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടായിരുന്നുവെന്നും ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. ഈ തോക്കുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്നതായി പോലീസ്. പത്തുവർഷമായി ഇയാൾ തോക്ക് ലൈസൻസ് കൈവശം വച്ചിരുന്നതായി കണ്ടെത്തി.
ഐഎസ് പതാക കണ്ടെത്തി?
സംഭവസ്ഥലത്തുനിന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, ഇത്തരം ചോദ്യങ്ങൾക്കു പോലീസ് മേധാവി മറുപടി പറഞ്ഞില്ല. ഇവർക്ക് ഐഎസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുന്നുണ്ടെന്നും പോലീസ്. അക്രമത്തിൽ 30ലേറെ പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. യഹൂദരുടെ എട്ടു ദിവസം നീളുന്ന ഹനൂക്ക ഉത്സവത്തിന്റെ ഒന്നാം ദിനം ആഘോഷിക്കാൻ ബീച്ചിൽ ഒത്തുകൂടിയ ആയിരത്തോളം പേർക്കു നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ബീച്ചിലും സമീപത്തെ പാർക്കിലുമായി ഒത്തുകൂടിയ യഹൂദർക്കു നേർക്ക് പത്തു മിനിറ്റ് വെടിവയ്പുണ്ടായി. കറുത്ത വസ്ത്രംധരിച്ച രണ്ടുപേർ പാലത്തിൽ നിന്ന് വെടിയുതിർക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വെള്ളവസ്ത്രം ധരിച്ച ഒരാൾ ഇതിലൊരാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ആക്രമണത്തെ അപലപിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചുചേർത്തു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള യഹൂദ സമുദായത്തിനു നേർക്കുണ്ടാക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. താരതമ്യേന സുരക്ഷിത രാജ്യമായ ഓസ്ട്രേലിയയിൽ ഇത്തരം വെടിവയ്പു സംഭവങ്ങൾ അപൂർവമാണ്. ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.
