തിരുവനന്തപുരം: മുന്‍ എംഎല്‍എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികളില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തും.
ഇതിനായി അക്കാദമിക്ക് ഉടന്‍ പോലീസ് നോട്ടീസ് നല്‍കും. പി.ടി. കുഞ്ഞുമുഹമ്മദില്‍ നിന്നും മോശമായ പെരുമാറ്റം ഉണ്ടായ കാര്യം ചലച്ചിത്ര അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് പരാതിക്കാരിയായ ചലച്ചിത്ര പ്രവര്‍ത്തക പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്കാദമി ഭാരവാഹികളില്‍ നിന്നു മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ആറാം തീയതിയാണ് ഹോട്ടലിലെ മുറിയില്‍ വിളിച്ച് പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും ഉള്‍പ്പെടെയുള്ളവരാണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കേണ്ട ചലച്ചിത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിയോഗിച്ചിരുന്ന ജൂറി അംഗങ്ങള്‍. അക്കാദമി നിയോഗിച്ചിരുന്ന ജൂറി അംഗങ്ങളുടെ വിശദാംശങ്ങളും ഇവരുടെ താമസ സ്ഥലത്തിന്റെ കാര്യങ്ങളും ചോദിച്ചറിയാനാണ് അന്വേഷണ സംഘം ചലച്ചിത്ര അക്കാദമി ഭാരവാഹികളില്‍ നിന്നും മൊഴിയെടുക്കുന്നത്.
അതേ സമയം പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്നലെ തിരുവനന്തപുരം ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി 2 രേഖപ്പെടുത്തി. പി.ടി. കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും പരാതിയില്‍ കഴമ്പുണ്ടെന്ന് കന്റോണ്‍മെന്റ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല.
