പരവൂർ: ഉപഭോക്താക്കളെ ഡിജിറ്റൽ ബാങ്കിംഗിലേക്ക് മാറാൻ സഹായിക്കുന്നതിനായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ യോനോ രണ്ടാം പതിപ്പിന് തുടക്കമിട്ടു. ബാങ്ക് ശാഖകളിൽ എത്തുന്ന ഉപഭോക്താക്കൾ ചെലവ് കുറഞ്ഞ ഡിജിറ്റൽ ബാങ്കിംഗ് ചാനലുകളിലേക്ക് മാറാൻ സഹായിക്കുന്നതിനുള്ള പുതിയ പദ്ധതിക്കാണ് യോനോ 2.0 സീരിസിലൂടെ ബാങ്ക് ലക്ഷുമിടുന്നത്.
യോനോ ആപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ സഹായിക്കാൻ രാജ്യത്ത് ഇതിനകം 3500 എക്സിക്യൂട്ടീവുകളെ നിയമിച്ചിട്ടുണ്ട്.യോനോയുടെ രണ്ടാം പതിപ്പ് പുറത്തിറക്കിയ സാഹചര്യത്തിൻ 2026 മാർച്ച് ആകുമ്പോൾ എക്സിക്യൂട്ടീവുകളുടെ എണ്ണം 10,000 ആയി ഉയർത്താനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
യോനോ രണ്ടാം പതിപ്പിന്റെ പരിപാലന ചുമതല ഒരു അനുബന്ധ കമ്പനിക്കാണ് നൽകിയിട്ടുള്ളത്. ഇതിന്റെ സാങ്കേതിക നടത്തിപ്പുകൾക്കായി പുതിയ ജീവനക്കാരെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.യോനോ 2.0 പുതിയ പതിപ്പ് ഉപയോഗിച്ച് ഗൂഗിൾ പേ , ഫോൺ പേ പോലുള്ള പേയ്മെൻ്റ് ഭീമന്മാരെ ഏറ്റെടുക്കാനും ബാങ്ക് ലക്ഷ്യമിടുന്നു.മൊബൈൽ ഫോണുകൾ, ടാബ് ലെറ്റുകൾ, ഡെസ്ക്ടോപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന പുതിയ പതിപ്പ് മറ്റ് ബാജുകളുടെ ഉപഭോക്താക്കൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
നിലവിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ 50 കോടിയിലധികമുള്ള ഉപഭോക്താക്കളിൽ 9.50 കോടി പേർ നിലവിൽ യോനോ ഉപയോഗിക്കുന്നുണ്ട്. പുതിയ പതിപ്പ് പുറത്തിറക്കിയതോടെ ഇത് 20 കോടിയായി ഉയർത്താറാണ് ബാങ്ക് ലക്ഷ്യമിടുന്നത്.ആപ്പ് ഉപയോഗിച്ചുള്ള പ്രവർത്തനം സാർവത്രികമായാൽ ബാങ്ക് ശാഖകളിലെ ചെലവുകൾ 10 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ രാജ്യത്ത് പ്രതിദിനം 70,000 പുതിയ അക്കൗണ്ടുകൾ തുറക്കുന്നതായാണ് എസ്ബിഐയുടെ കണക്ക്. ഇതിൽ 90 ശതമാനം അക്കൗണ്ട് ഓപ്പണിംഗുകളും യോനോ ഉപയോഗിച്ച് ചെയ്യാനും ബാങ്ക് ലക്ഷുമിടുന്നു.നിലവിലുള്ള എല്ലാ യോനോ ഉപയോക്താക്കൾക്കും ക്രമേണെ അപ്ഡേറ്റുകൾ ലഭിക്കും. ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാവരെയും സുഗമമായി പുതിയ പതിപ്പിലേക്ക് മാറ്റുന്നതിനുള്ള പ്രക്രിയകൾ പുരോഗമിക്കുകയാണ്.
- എസ്.ആർ. സുധീർ കുമാർ
