അമ്പലപ്പുഴ: എച്ച്. സലാം എംഎൽഎ സൈലന്റ് കില്ലറെന്ന് പരാജയപ്പെട്ട ഇടതുമുന്നണി സ്ഥാനാർഥി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പരാജയപ്പെട്ട ഇടതു മുന്നണി സ്ഥാനാർഥി സി പിഐയിലെ എസ്. കുഞ്ഞുമോനാണ് ശബ്ദസന്ദേശത്തിലുടെ ഈ ആരോപണം ഉന്നയിച്ചത്.
യുഡിഎഫിലെ നജീഫ് അരീശേരി വിജയിച്ച വാർഡിൽ ഇടതു സ്ഥാനാർഥിക്ക് വെറും 21 വോട്ടു മാത്രമാണ് ലഭിച്ചത്. രണ്ടാം സ്ഥാനം വെൽഫെയറിനായിരുന്നു. അഞ്ചാം സ്ഥാനത്തേക്ക് ഇടതു സ്ഥാനാർഥി പിന്തള്ളപ്പെട്ടു. 60 സിപിഎം വോട്ട് ഈ വാർഡിലുണ്ടെന്ന് എച്ച്. സലാം എംഎൽഎയും ഏരിയാ സെക്രട്ടറി സി. ഷാംജിയും പറഞ്ഞിരുന്നതായി എസ്. കുഞ്ഞുമോൻ പറയുന്നു.
പരാജയത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണ്. കൂട്ടുത്തരവദിത്വം ഇല്ലാത്തതിനാലാണ് പരാജയം സംഭവിച്ചത്. സിഐടിയു കൺവീനർ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ വോട്ടു ചെയ്തില്ല. എച്ച്. സലാം എംഎൽഎയുടെ തട്ടകത്തിൽ പരാജയപ്പെട്ടത് താനല്ല സിപിഎമ്മാണെന്നും കുഞ്ഞുമോൻ പറയുന്നു.
