പൂച്ചാക്കൽ: പണത്തിനുമുന്നിൽ കുഞ്ഞുമനസുകൾ പതറിയില്ല. കളഞ്ഞുകിട്ടിയ പഴ്സ് വിദ്യാർഥികൾ തിരികെ നൽകി മാതൃകയായി. പണവും വിലപിടിച്ച രേഖകളും അടങ്ങിയ പഴ്സ് കളഞ്ഞുകിട്ടിയ വിദ്യാർഥികൾ പൂച്ചാക്കൽ പോലീസിൽ ഏൽപ്പിച്ച് മാതൃകയായി.
തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ മുഹമ്മദ് റോഷൻ, ഫഹദ്, ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആരോമൽ എന്നിവർക്കാണ് സ്കൂളിലേക്ക് പോകുന്ന വഴി ബസിൽനിന്നു പണമടങ്ങുന്ന പഴ്സ് കിട്ടിയത്. ഉടൻതന്നെ പൂച്ചാക്കൽ പോലീസിൽ പഴ്സ് ഏൽപ്പിച്ച ശേഷമാണ് വിദ്യാർഥികൾ സ്കൂളിലേക്ക് പോയത്.
പേഴ്സിൽനിന്നു ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് വടുതല സ്വദേശി പി.എസ്. മുഹമ്മദിന്റേതായിരുന്നു പഴ്സ് എന്നു തിരിച്ചറിഞ്ഞത്. മരുന്ന് വാങ്ങിയ ശേഷം അരൂക്കുറ്റിയിൽനിന്നു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് മുഹമ്മദ് പറഞ്ഞു. മാതൃകാ പ്രവൃത്തിക്ക് അഭിനന്ദനങ്ങൾ നൽകിയാണ് പോലീസ് വിദ്യാർഥികളെ യാത്രയാക്കിയത്.
