ഹൈദരാബാദ്: സ്ത്രീധന തർക്കത്തെ തുടർന്ന് യുവതിയെ മർദിച്ചു കൊന്ന് ഭർത്താവ്. തെലുങ്കാനയിൽ വിക്രബാദ് ജില്ലയിലാണ് സംഭവം. 22കാരിയായ അനുഷ ആണ് മരിച്ചത്.
മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു പരമേഷ് കുമാറു(28)മായി അനുഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സ്ത്രീധനത്തിന്റെ പേരിൽ ഇരുവരും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് വഴക്കിനെ തുടർന്ന് അനുഷ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. എന്നാൽ സമാധാന ചർച്ചയെ തുടർന്ന് അനുഷ, പരമേഷിനൊപ്പം മടങ്ങി. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി.
പരമേഷ്, അനുഷയുടെ കഴുത്തിൽ പിടിച്ചു തള്ളുന്നതും കൈയിൽ പിടിച്ചു വലിക്കുന്നതും വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അനുഷ താക്കോൽ വലിച്ചെറിഞ്ഞു. ഇതിൽ പ്രകോപിതനായ പരമേഷ്, മുഖത്ത് അടിക്കുകയും വയറിൽ തൊഴിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന മര കഷണം ഉപയോഗിച്ച് അനുഷയുടെ തലയിൽ അടിച്ചു.
സംഭവം കണ്ട അയൽവാസിയായ സ്ത്രീ പരമേഷിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഗുരുതര പരിക്കേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
സംഭവത്തിൽ അനുഷയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
