കായംകുളം: ഹരിതകർമ സേനാംഗങ്ങൾക്ക് കളഞ്ഞുകിട്ടിയ സ്വർണമോതിരം നഗരസഭയിൽനിന്ന് കാണാതായത് വിവാദമാകുന്നു. 2023 ഡിസംബർ 22ന് ഹരിതകർമസേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഒരു മോതിരം കളഞ്ഞുകിട്ടുകയും അവരത് നഗരസഭയിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. മോതിരത്തിന് 11 ഗ്രാം തൂക്കമുണ്ടെന്നാണ് പറയുന്നത്.
പിന്നീട് ഈ മോതിരം കാണാതായെന്നാണ് ആരോപണം. ഉടമസ്ഥൻ എത്തുന്നതു വരെ നഗരസഭയുടെ സ്ട്രോംഗ് റൂമിൽ വയ്ക്കാൻ സെക്രട്ടറിയുടെ അഭാവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിച്ചെന്നാണ് നഗരസഭാധികൃതർ പറയുന്നത്.
എന്നാൽ, ഉദ്യോഗസ്ഥർ ഇത് നിഷേധിക്കുകയാണ്.കഴിഞ്ഞ ദിവസം ഹരിതകർമ സേനാംഗങ്ങൾ നഗരസഭയിൽ മോതിരം അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ഇതോടെ മോതിരവിവാദം മുറുകുകയാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
