നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ബസില്‍ യാത്ര ചെയ്ത് കുടുംബം. ജാര്‍ഖണ്ഡിലെ ചൈബാസയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയാറാകാത്തത് മുലമാണ് ഇത്തരം ഒരു നടപടിക്ക് കുടുംബം തയാറായത്.
നോമുണ്ടി ബ്ലോക്കിലെ ബല്‍ജോരി സ്വദേശിയായ ഡിംബ ചതോംബയാണ് തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി ദുരിതയാത്ര നടത്തിയത്. സ്വന്തമായി വാഹനം വിളിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് 20 രൂപയുടെ പ്ലാസ്റ്റിക് സഞ്ചി വാങ്ങി അതിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ച് ഗ്രാമത്തിലേക്ക് മടങ്ങിയത്.
ശ്വാസതടസത്തെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ ചൈബാസയിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കെ കുഞ്ഞ് വെള്ളിയാഴ്ച മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം വിട്ടുതരണമെന്ന് കുടുംബം ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. മണിക്കൂറുകളോളം കാത്തിരുന്ന വലഞ്ഞ കുടുംബാംഗങ്ങള്‍ ഒടുവില്‍ ബസില്‍ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
100 രൂപയായിരുന്നു ഇവരുടെ പക്കല്‍ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 20 രൂപ മുടക്കി ഒരു പ്ലാസ്റ്റിക് സഞ്ചി വാങ്ങി കുഞ്ഞിന്റെ മൃതദേഹം അതിനുള്ളിലാക്കി ബസില്‍ ഗ്രാമത്തിലേക്ക് തിരിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ജാര്‍ഖണ്ഡ് ആരോഗ്യവകുപ്പ് മന്ത്രി ഇര്ഫാന് അന്‍സാരി അന്വേഷണത്തിന് ഉത്തരവിട്ടു.
കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നല്‍കാറില്ലെന്നും അതിനായി പ്രത്യേക സംവിധാനമുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ഇതിനായി ജില്ലയില്‍ ആകെയുള്ള ഒരു വാഹനം മറ്റൊരിടത്തായിരുന്നു. രണ്ട് മണിക്കൂര്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം അതിന് തയ്യാറായില്ലെന്നും അധികൃതർ ആരോപിച്ചു.
