ടോക്കിയോ: ജപ്പാനിൽ അത്യുഷ്ണം തുടരുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് ഓഫീസുകളിൽ ഷോർട്സ് ധരിച്ചെത്താൻ അനുമതി നൽകി ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെന്റ്. ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതിനും ജീവനക്കാർക്ക് ആശ്വാസം നൽകുന്നതിനുമായി ഗവർണർ യുറിക്കോ കൊയിക്കെ ആരംഭിച്ച “ടോക്കിയോ കൂൾ ബിസ്” പ്രചാരണത്തിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. എന്നാൽ ഈ നിർദ്ദേശത്തെച്ചൊല്ലി ഇപ്പോൾ കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് രാജ്യത്ത് ഉയരുന്നത്.
പുതിയ വസ്ത്രധാരണ രീതിയെ ചില ജീവനക്കാർ സ്വാഗതം ചെയ്തപ്പോൾ, ഇത് ഓഫീസുകളിലെ ഇരട്ടത്താപ്പാണെന്ന് സ്ത്രീകൾ ആരോപിക്കുന്നു. സ്ത്രീകൾ ഇപ്പോഴും ടൈറ്റ്സുകളും നീളമുള്ള സ്കേർട്ടുകളും ധരിക്കണമെന്ന് നിർബന്ധമുള്ളപ്പോൾ പുരുഷന്മാർക്ക് മാത്രം ഷോർട്സ് ഇടാൻ അനുവാദം നൽകുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം.
മാത്രമല്ല, സഹപ്രവർത്തകരായ പുരുഷന്മാരുടെ കാലിലെ രോമങ്ങൾ കാണേണ്ടി വരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി “സുനെഹാര” അഥവാ “ലെഗ് ഹെയർ ഹരാസ്മെന്റ്” എന്ന പുതിയ വാക്ക് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്.
തർക്കം രൂക്ഷമായതോടെ, ഓഫീസിലെ മാന്യത നിലനിർത്തുന്നതിന്റെ ഭാഗമായി ടോക്കിയോയിൽ ലേസർ ഹെയർ റിമൂവലിനായി ക്ലിനിക്കുകളെ സമീപിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിലും വൻ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജപ്പാനിൽ കടുത്ത ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. താപനില 35 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നതോടെ നൂറുകണക്കിന് ആളുകളാണ് ഹീറ്റ് സ്ട്രോക്ക് മൂലം ആശുപത്രികളിൽ ചികിത്സ തേടുന്നത്.
