കൊച്ചി: ചിതയിൽ എരിഞ്ഞ് തീരും മുൻപ് ശ്രീനിവാസന് പേപ്പറും പേനയും സമർപ്പിച്ച് പ്രിയ സുഹൃത്ത് സത്യൻ അന്തിക്കാട്. ‘എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ’ എന്നെഴുതി നാളിതുവരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് അവസാനമായി വച്ചു നീട്ടിയപ്പോൾ സത്യൻ അന്തിക്കാട് വിതുമ്പുകയായിരുന്നു.
അൽപ്പ സമയം മുമ്പാണ് ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയ്ക്ക് തീ കൊളുത്തിയ ശേഷം ഉള്ളുലഞ്ഞ് ചിതയിലേക്ക് നോക്കി അച്ഛന് അവസാനമായി മുഷ്ടി ചുരുട്ടി ധ്യാനും അഭിവാദ്യങ്ങളർപ്പിച്ചു.
