കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച് ഒരുലക്ഷം കടന്ന് സ്വർണക്കുതിപ്പ്. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപയിലും പവന് 1,01,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 180 രൂപ ഉയർന്ന് 10,440 രൂപയിലെത്തി.
ഈ വർഷം ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. ഈ മാസം 15ന് രേഖപ്പെടുത്തിയ പവന് 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമെന്ന റിക്കാർഡാണ് പഴങ്കഥയായത്. ചാഞ്ചാട്ടത്തിനു ശേഷം തിരിച്ചുവരവിന്‍റെ പാതയിലായിരുന്ന സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഉയർന്നിരുന്നു.
ഡിസംബർ തുടക്കത്തിൽ വൻകുതിപ്പിനു ശേഷം സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷമാണ് ചാഞ്ചാടിയത്.
നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഒറ്റയടിക്ക് 150ലേറെ ഡോളർ ഉയർന്ന് 4,498 ഡോളറെന്ന റിക്കാർഡ് നിരക്കിലെത്തി.
അതേസമയം, വെള്ളിയുടെ വിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ടുരൂപ ഉയർന്ന് 220 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
