ചമ്പക്കുളം: ആറുമാസം കൂടുമ്പോഴെങ്കിലും തെരഞ്ഞെടുപ്പുകള്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയാണ് കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. അതിന് അവര്‍ക്ക് തക്കതായ കാരണവുമുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ കുട്ടനാട്ടിലെ നെല്കര്ഷകരില്നിന്നു സംഭരിച്ച നെല്ലിന്റെ വില അവര്‍ക്ക് ഏഴ് മുതല്‍ പത്ത് ദിവസ ങ്ങള്‍കൊണ്ട് ലഭിച്ചിരുന്നു. സംഭരണവും വലിയ കിഴിവ് ഇല്ലാതെ മുന്നേറി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി വീണ്ടും കാര്യങ്ങള്‍ പഴയ പോലെ ആകുന്നോ എന്ന പേടിയിലാണ് കര്‍ഷകര്‍. അതിനാലാണ് ഇടയ്ക്കിടെ തെരഞ്ഞെടുപ്പ് വന്നാല്‍ നെല്ല് വില യഥാസമയം കിട്ടും എന്ന് അവര്‍ പ്രതീക്ഷ വയ്ക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ലിന്റെ വില ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണമായിരുന്നു. പലപ്പോഴും സമരം ചെയ്തു കഴിഞ്ഞായിരുന്നു നെല്ല് വില ലഭിച്ചിരുന്നത്. അത് പലപ്പോഴും പിആര്‍എസ് വായ്പകളായിട്ടായിരുന്നു കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്.
എന്നാല്‍, ഇക്കഴിഞ്ഞ രണ്ടാം കൃഷിയുടെ നെല്ലുസംഭരണം നടത്തിയ ഇനത്തിലുള്ള നെല്ലിന്റെ വില ഒരാഴ്ച മുതല്‍ ഒന്നര ആഴ്ച കൊണ്ട് തന്നെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുകയുണ്ടായി.
ഇതാണ് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി എ, ക്ഷേമപെന്‍ഷന്‍കാര്‍ക്ക് കുടിശിക ഇല്ലാതെയുള്ള പെന്ഷന് വിതരണം, നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില കാലതാമസം കൂടാതെ അവരുടെ അക്കൗണ്ടില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ യഥാസമയം നടപ്പാക്കിയതിന് ഒറ്റ കാരണമേ നാട്ടുകാര്‍ കാണുന്നുള്ളു, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞടുപ്പ് ഒന്ന് മാത്രം.
അതിന്റെ പേരിലെങ്കിലും അവകാശപ്പെട്ടത് കൈയില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് മറ്റുള്ള വരെപ്പോലെ കര്‍ഷകരും.തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി വീണ്ടും കാര്യങ്ങള്‍ പഴയതുപോലെ ആകുമോ എന്ന പേടിയിലാണ് ഡിസംബര്‍ ആദ്യവാരം രണ്ടാം കൃഷിയുടെ നെല്ല് നല്കിയ കര്‍ഷകര്‍. ഇവര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില രണ്ടാഴ്ച ആയിട്ടും ലഭിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിന്ഇങ്ങനെ ചില മാന്ത്രിക സിദ്ധികള്‍ ഉള്ളതുകൊണ്ടാണ് ഇടയ്ക്കിടെ തെരഞ്ഞെടുപ്പ് വരാന്‍ കര്‍ഷകര്‍ വെറുതെ എങ്കിലും ആഗ്രഹിച്ചു പോകുന്നത്. കര്‍ഷകരെ കുറ്റം പറയാമോ…? അവരുടെ ഗതികേട് കൊണ്ട് അവര്‍ അങ്ങനെ ആഗ്രഹിച്ചുപോകുന്നതല്ലേ…
