ചെങ്ങന്നൂർ: സജീവ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെയും കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു
2012 ജൂലൈ 16ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പരിസരത്ത് വച്ചാണ് കോന്നി എൻഎസ്എസ് കോളജ് വിദ്യാർഥിയായ വിശാലിനു കുത്തേറ്റത്. പിറ്റേന്ന് ചികിത്സയിലിരിക്കെ മരിച്ചു. കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. കേസിൽ ഉൾപ്പെട്ട ഒരു പ്രതി പ്രായപൂർത്തിയാകാത്തയാളാണ്. പുതിയ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എബിവിപി സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ ആക്രമണത്തിലാണ് വിശാലിന് ജീവൻ നഷ്ടമായത്.
മറ്റ് പത്തോളം പ്രവർത്തകർക്കും അന്ന് പരിക്കേറ്റിരുന്നു.ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ മൊഴി മാറ്റിയത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി. കാമ്പസിലെ കെഎസ് യു, എസ്എഫ്ഐ പ്രവർത്തകരായ സാക്ഷികളാണ് വിചാരണ വേളയിൽ മൊഴിമാറ്റിയത്.
കോടതിവിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കൃത്യമായ തെളിവുകളും സാക്ഷികളെയും ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിധി നിരാശാജനകം
മാന്നാർ: പ്രതികളെ വെറുതെവിട്ടുള്ള കോടതി വിധി സങ്കടകരമാണെന്ന് വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്പി) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍. ഭീകരരുടെ പണത്തിനു മുന്പില് കേസ് വളച്ചൊടിക്കുന്നതിന്റെ പ്രകടമായ ദൃഷ്ടാന്തമാണ് വിശാല്‍ വധക്കേസിലെ വിധി. കെഎസ്യു-എസ്എഫ്ഐ നേതാക്കള്‍ കൂറുമാറിയതിനെപ്പറ്റി കോൺഗ്രസ്-സിപിഎം നേതാക്കൻമാർ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പീൽ നൽകും
മാവേലിക്കര: മത തീവ്രവാദികൾക്കു മുന്നിൽ കീഴടങ്ങിയ ഇടത്-വലത് സർക്കാരുകൾ വിശാലിന് നീതിനിഷേധിച്ചുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. സംഭവ സമയത്ത് കാമ്പസിൽ സാക്ഷികളായിരുന്ന കെഎസ്യു, എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴികളിലുണ്ടായ മാറ്റങ്ങൾ അതീവ ഗൗരവകാരമാണ്. എബിവിപി പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും അപ്പീൽ നല്‍കുമെന്നും സെക്രട്ടറി പറഞ്ഞു.
