പൊൻകുന്നം: ചെറുവള്ളി കുന്നത്തുപുഴയിൽ പുലർച്ചെ അപ്രതീക്ഷിതമായി ബസ് കത്തിയമർന്ന അപകടത്തിന്റെ നടുക്കം മാറാതെ ഡ്രൈവർ ജിഷാദ് റഹ്മാനും കണ്ടക്ടർ ബിജുമോനും.
സംഭവസ്ഥലത്ത് പിന്നീട് വന്ന ഉദ്യോഗസ്ഥരുടെയും വിജിലൻസ് വിഭാഗത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും അടുത്തും കാര്യങ്ങൾ വിശദീകരിക്കുമ്പോഴും കൺമുന്നിൽ ബസ് ഒരു തീക്കൂടായി മാറുന്നത് കണ്ടതിന്റെ വേവലാതി ജിഷാദിന്റെ മുഖത്തുണ്ടായിരുന്നു.
എങ്കിലും 28 യാത്രക്കാരെയും സുരക്ഷിതമായി ബസിൽനിന്ന് പുറത്തെത്തിക്കാനായല്ലോ എന്നതിന്റെ സന്തോഷവും മറച്ചുവച്ചില്ല. ബസിൽനിന്ന് പുക ഉയരുന്നതായി പിന്നാലെയെത്തിയ മീൻവണ്ടിക്കാർ വിളിച്ചുപറഞ്ഞ ഉടൻതന്നെ ബസ് നിർത്തി കണ്ടക്ടർ ബിജുമോനുമായി ചേർന്ന് യാത്രക്കാരെ വിളിച്ചുണർത്തി.
ചൊവ്വാഴ്ച രാത്രി ഒന്പതിന് മലപ്പുറത്തുനിന്ന് പുറപ്പെട്ട സംഘത്തിലെ എല്ലാവരും ബുധനാഴ്ച പുലർച്ചെ 3.45ന് സംഭവം നടക്കുമ്പോൾ നല്ല ഉറക്കത്തിലായിരുന്നു. എല്ലാവരെയും അപകടസാധ്യത അറിയിച്ച് ബാഗുൾപ്പെടെ എല്ലാ ലഗേജുകളുമെടുത്ത് പുറത്തിറക്കി.
ബസിൽ നിന്ന് എല്ലാവരെയും അകറ്റി നിർത്തി. ബസിലെ അഗ്നിരക്ഷാ ഉപകരണം പ്രവർത്തിപ്പിച്ച് തീയണയ്ക്കാൻ ഇരുവരും ചേർന്ന് ശ്രമിച്ചു. പിന്നിലെ ടയറുകൾക്കിടയിൽ നിന്ന് പടർന്ന തീ ഇതിനകം ബസിനുള്ളിലേക്ക് പടർന്ന് സീറ്റുകളിലേക്കും ബസിലാകെയും വ്യാപിക്കുകയായിരുന്നു.
ഡ്രൈവർ ക്യാബിനും സ്റ്റിയറിംഗ് ഉൾപ്പെടെയുള്ള എല്ലാഭാഗവും കത്തിനശിച്ചു.കെഎസ്ആർടിസി വിജിലൻസ് വിഭാഗം, പത്തനംതിട്ട, കോട്ടയം, പൊൻകുന്നം ഡിപ്പോകളിലെ മെക്കാനിക്കൽ എൻജിനിയറിംഗ് മേധാവികൾ, ജനറൽ ഇൻസ്പെക്ടർമാർ തുടങ്ങിയവർ സ്ഥലത്തെത്തി ബസ് പരിശോധിച്ചു.ബ്രേക്ക് ലൈനർ പ്രശ്നമോ, ഷോർട്ട് സർക്യൂട്ടോ ആയിരിക്കാമെന്നാണ് നിഗമനം.
