ധ​നു​മാ​സ കു​ളി​രി​നൊ​പ്പം ക​ന​ത്ത ചൂ​ടും; രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ക​ൽ​ച്ചൂ​ട് കോ​ട്ട​യ​ത്ത്; ത​ണു​പ്പും ചൂ​ടും ക​യ​റി​യി​റ​ങ്ങു​ന്ന പ്ര​തി​ഭാ​സ​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്നു

കോ​ട്ട​യം: ഇ​പ്പോ​ള്‍ പു​ല​ര്‍ച്ചെ കി​ട്ടു​ന്ന ചെ​റി​യ കു​ളി​ര് അ​ടു​ത്ത​യാ​ഴ്ച​യോ​ടെ പി​ന്‍വാ​ങ്ങും. അ​ധി​കം ദി​വ​സ​ങ്ങ​ളി​ൽ പു​ത​പ്പി​നു​ള്ളി​ലെ സു​ഖ​നി​ദ്ര​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണം.

ധ​നു ക​ഴി​ഞ്ഞു​വ​രു​ന്ന മ​ക​രം മു​ത​ൽ ഇ​ട​വം വ​രെ മാ​സ​ങ്ങ​ളി​ൽ രാ​ത്രി​കാ​ലം അ​ന്യാ​യ ഉ​ഷ്ണ​വും ഉ​ച്ച​വെ​യി​ലി​ന് അ​സ​ഹ​നീ​യ ചൂ​ടു​മാ​യി​രി​ക്കും. ഇ​പ്പോ​ള്‍ത്ത​ന്നെ രാ​ജ്യ​ത്ത് ഏ​റ്റ​വും ചൂ​ടു​ള്ള ജി​ല്ല​യാ​ണ് കോ​ട്ട​യം. അ​ടു​ത്ത​യാ​ഴ്ച പ​ക​ല്‍ താ​പ​നി​ല 35 ഡി​ഗ്രി​യി​ലെ​ത്തും. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​സ​മ​യം 34 ഡി​ഗ്രി​യാ​യി​രു​ന്നു താ​പ​നി​ല.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ര്‍ന്ന പ​ക​ല്‍ച്ചൂ​ട് അ​നു​ഭ​വി​ച്ച​ത് കോ​ട്ട​യം ജി​ല്ല​ക്കാ​രാ​ണ്. രാ​വി​ലെ ഏ​ഴി​നു രേ​ഖ​പ്പെ​ടു​ത്തി​യ 20 ഡി​ഗ്രി​യി​ല്‍നി​ന്ന് മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 35 ഡി​ഗ്രി​യി​ലേ​ക്ക് ചൂ​ടും ഉ​ഷ്ണ​ക്കാ​റ്റും പ​റ​ന്നു​ക​യ​റു​ക​യാ​ണ്. രാ​ത്രി ഒ​ന്പ​തു മു​ത​ല്‍ നേ​രി​യ ത​ണു​പ്പ് തു​ട​ങ്ങും.

നി​ല​വി​ലെ കു​ളി​ര്‍രാ​ത്രി​ക​ള്‍ ര​ണ്ടാ​ഴ്ച പി​ന്നി​ട്ടാ​ല്‍ ആ​വി​യി​ല്‍ വി​യ​ര്‍ക്കു​ന്ന സ്ഥി​തി​യി​ലെ​ത്തും. ഫാ​നോ എ​സി​യോ ഇ​ല്ലാ​തെ ഉ​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത വി​ധം ഉ​ഷ്ണ​മാ​യി​രി​ക്കും വ​രും മാ​സ​ങ്ങ​ളി​ലെ വേ​ന​ലി​നു​ണ്ടാ​കു​ക.

ത​ണു​പ്പും ചൂ​ടും ക​യ​റി​യി​റ​ങ്ങു​ന്ന ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഭാ​സ​ത്തി​ല്‍ പ​നി, ജ​ല​ദോ​ഷം, അ​ല​ര്‍ജി എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യേ​റെ​യാ​ണ്. ജി​ല്ല​യി​ല്‍ പ​നിബാ​ധി​ത​രി​ല്‍ കാ​ര്യ​മാ​യ വ​ര്‍ധ​ന​യു​ണ്ട്.

വേ​ന​ലി​ല്‍ മ​ഞ്ഞ​പ്പി​ത്തം, അ​ഞ്ചാം​പ​നി സാ​ധ്യ​ത​യും ഏ​റും. ഏ​പ്രി​ല്‍ വ​രെ വേ​ന​ല്‍മ​ഴ​യ്ക്ക് സാ​ധ്യ​ത വി​ര​ള​മാ​യ​തി​നാ​ല്‍ കു​ടി​വെ​ള്ളം കി​ട്ടാ​ന്‍ ന​ന്നാ​യി വ​ല​യും. മാ​ര്‍ച്ച് ആ​ദ്യ​വാ​രം മു​ത​ല്‍ തോ​ടു​ക​ളും കു​ള​ങ്ങ​ളും അ​രു​വി​ക​ളും വ​റ്റി​ത്തു​ട​ങ്ങും.

Related posts

Leave a Comment