ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ലുസംഭരണം സുഗമമാക്കുന്നതിന് സഹകരണമേഖല സജീവമായി ഇടപെടൽ നടത്തുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴ റമദ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടു സഹകരണ സംഘങ്ങൾ ‘നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ’ എന്ന രീതിയിൽ സംഘടിപ്പിക്കും. ഇവയിൽ ഒരെണ്ണം കോട്ടയത്തും രണ്ടാമത്തേത് പാലക്കാടും പ്രവർത്തനം ആരംഭിക്കും. കോട്ടയത്തെ ഈ സംരംഭം മാർച്ചിൽ ഉദ്ഘാടനം ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു
ആധുനിക കാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് എല്ലാരംഗത്തും മുന്നേറ്റം നടത്താൻ സഹകരണ മേഖലയ്ക്ക് സാധിച്ചു.
ഉത്പാദന, സേവന, പശ്ചാത്തല വികസന മേഖലകളിൽ ഒരുപോലെ ഇടപെട്ടുകൊണ്ട് അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധയാകർഷിക്കാൻ കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് സാധിച്ചു.
സഹകരണ പ്രസ്ഥാനങ്ങൾ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നിറസാന്നിധ്യമായി മാറിയിരിക്കുന്നു. ഉത്പാദനരംഗത്ത് സഹകരണ സംഘങ്ങൾ 400ൽപരം ഉത്പന്നങ്ങളാണ് നിർമിക്കുന്നത്. കൂടാതെ കാർഷിക വിഭവങ്ങൾ അമേരിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സാധിച്ചു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രവാസികളുടെ തരിശായിക്കിടക്കുന്ന ഭൂമി നിശ്ചിത കാലത്തേക്ക് കൃഷി ചെയ്യുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
