വെള്ളറട: കുടിവെള്ള പൈപ്പ് ലൈന്‍ വേണ്ടായെന്നു കാട്ടാക്കട വാട്ടര്‍ അഥോറിറ്റിക്ക് അപേക്ഷ നല്‍കുകയും അവര്‍ നിശ്ചയിച്ചിരുന്ന തുക അടച്ചശേഷം വാട്ടര്‍ അഥോറിറ്റി ജീവനക്കാരെത്തി കണക്ഷന് വിച്ഛേദിക്കുകയും ചെയ്തശേഷം വീണ്ടും ബില്ലടയ്ക്കാൻ നിർദേശമെത്തിയെന്ന് ആരോപണം.
ആറുമാസം കഴിഞ്ഞ ശേഷമാണു കാട്ടാക്കട വാട്ടര്‍ അഥോറിറ്റി ഓഫീസില്‍നിന്നും ബില്ലുവന്നിരിക്കുന്നത്. ഒപ്പം രൂപ അടയ്ക്കണമെന്നുള്ള ഭീഷണി ശബ്ദസന്ദേശവും ഒരു വനിതാ ജീവനക്കാരിയിൽനിന്നും എത്തിയെന്നു ഉപഭോക്താവ് പറയുന്നു. ആനപ്പാറ കിഴക്കുംകര രാഹുല്‍ നിവാസില്‍ വിമലയ്ക്കാണു വാട്ടര്‍ അഥോറിറ്റിയുടെ ഭീഷണി ഉണ്ടായത്.
വാട്ടര്‍ അഥോറിറ്റി നിശ്ചയിച്ച തുകയായ 1841 രൂപ അടച്ച ശേഷമാണ് വാട്ടര്‍ അഥോറിറ്റി ജീവനക്കാരെത്തി കണക്ഷൻ വിച്ഛേദിച്ചത്. കുടിവെള്ള പൈപ്പിന്റെ മീറ്റര്‍ എടുത്തുകൊണ്ടുപോയി ആറുമാസം കഴിഞ്ഞെന്ന് അറിയിച്ചപ്പോഴാണ് ജീവനക്കാരി ഭീഷണിപ്പെടുത്തിതെന്നും പരാതിയുണ്ട്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണു വിമല.
വാട്ടര്‍ അഥോറിറ്റിയുടെ കെടുകാര്യ സ്ഥിതിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. ബില്‍ തുക അടയ്ക്കാതെ പ്രവര്‍ത്തിക്കുന്ന നിരവധി കണക്ഷനുകള്‍ പ്രദേശത്ത് ഉള്ളപ്പോഴാണു നിയമാനുസരണം കണക്ഷൻ വിച്ഛേദിച്ച് പൈസ അടയ്ക്കുകയും ചെയ്ത് ആറുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും വാട്ടര്‍ അഥോറിറ്റിയുടെ ഭീഷണി നേരിടേണ്ടി വരുന്നത്.
