പാലക്കാട്: വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലൻ. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റുമെന്നും പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും ബാലൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ബാലൻ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ഭുതങ്ങള്‍ കാണിച്ച സര്‍ക്കാരാണ്. അതിനാൽ തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും ബാലൻ അവകാശപ്പെട്ടു.
അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലൻ പറഞ്ഞു. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലർ പൊടിക്കാരന്റെ സ്വപ്നമാണെന്നും ബാലൻ പരിഹസിച്ചു.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല. ലീഗിനെയാണ് വെളളാപ്പള്ളി വിമർശിക്കുന്നത്. അതിൽ എന്താണ് തെറ്റെന്നും ബാലൻ ചോദിച്ചു. സിപിഐയും വെള്ളാപ്പള്ളി നടേശനുമായുള്ള തര്‍ക്കം അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ ഉചിതമായ ഘട്ടത്തിൽ നടപടിയുണ്ടാകും. സ്വർണക്കൊള്ള വിഷയം എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും ബാലൻ പറഞ്ഞു.
