പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കിടെ ആചാരലംഘനം നടന്നുവെന്ന കണ്ടെത്തലിൽ പ്രായശ്ചിത്തം ചെയ്യാൻ ക്ഷേത്ര ഉപദേശക സമിതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി.
ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ഭഗവാന് നിവേദിക്കും മുമ്പ് ദേവസ്വംമന്ത്രി വി.എൻ. വാസവന് വിളമ്പിയതാണ് വൻ വിവാദമായത്. മന്ത്രിക്ക് ആദ്യം സദ്യ വിളമ്പിയ സംഭവം ആചാരലംഘനമാണെന്ന് കാട്ടി ക്ഷേത്രം തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകിയതോടെയാണ് ഇത് ചർച്ചയായത്. പരിഹാരക്രിയ വേണമെന്നും ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാസംഘം പ്രതിനിധികൾ, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ, ഭരണ ചുമതലയിലുള്ള ദേവസ്വം ഉദ്യോഗസ്ഥരുൾപ്പെടെ പരിഹാരക്രിയ ചെയ്യണമെന്നായിരുന്നു നിർദേശം.
ഇതിനാണ് ഇപ്പോൾ ദേവസ്വംബോർഡ് അനുമതി നൽകിയിരിക്കുന്നത്. തന്ത്രിയുടെ സമയം നിശ്ചയിച്ച് പ്രായശ്ചിത്ത കർമങ്ങൾ ഉടൻ നടത്തുമെന്ന് ആറന്മുള ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.
പ്രായശ്ചിത്ത വിധിയനുസരിച്ച് ക്ഷേത്ര ഉപദേശക സമിതിയും പള്ളിയോട സേവാ സംഘവും നാട്ടുകാരും ചേർന്ന് ക്ഷേത്രത്തിന് വലം വെച്ച് ശ്രീ കോവിലിനു മുമ്പിൽ പിടിപ്പണം സമർപ്പിക്കും. തുടർന്ന് ഒരു പറ അരിയുടെ നിവേദ്യം സമർപ്പിച്ച ശേഷം ഭക്തർക്ക് പത്തു പറ അരിയുടെ സദ്യ നൽകും.
