അന്ധവിശ്വാസത്തിന്റെ പേരിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ പണയംവച്ച് അപകടകരമായ അഭ്യാസം. മുൻപ് പാപ്പാൻ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയ ചരിത്രമുള്ള ആനയുടെ വയറിനടിയിലൂടെ മാറ്റുന്നതിനിടെ കൈവിട്ട് കുഞ്ഞ് നിലത്തുവീണു.
ഹരിപ്പാട് നടന്ന ഈ ഞെട്ടിക്കുന്ന സംഭവത്തിൽ, തലനാരിഴയ്ക്കാണ് പിഞ്ചുകുഞ്ഞ് വലിയൊരു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ക്ഷേത്രത്തിൽ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന് എത്തിയപ്പോഴായിരുന്നു ഈ അപകടകരമായ നീക്കം.
ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ അടിയിലൂടെയാണ് കുഞ്ഞിനെ മാറ്റാൻ ശ്രമിച്ചത്. ഒരു പാപ്പാൻ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈക്കടിയിലൂടെ മറുവശത്തുള്ള പാപ്പാന് കൈമാറുകയും രണ്ടാമത്തെ പാപ്പാൻ കുഞ്ഞുമായി ആനയുടെ കാലുകൾക്കിടയിലൂടെ തിരികെ വരാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് പാപ്പാന്റെ കൈയിൽനിന്നു വഴുതി കുഞ്ഞ് ആനയുടെ കാൽച്ചുവട്ടിലേക്ക് വീണത്. ഭാഗ്യംകൊണ്ട് മാത്രമാണ് ആന കുഞ്ഞിനെ ചവിട്ടാതിരുന്നത്. ഉടൻ തന്നെ പാപ്പാൻ കുഞ്ഞിനെ വാരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
