മുട്ടം: ജോലിയ്ക്കുനിന്ന വീട്ടില്‍നിന്ന് ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന ആറര പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. പത്തനംതിട്ട പ്രാക്കാനം സ്വദേശി സുജാത (42) ആണ് മുട്ടം പോലീസിന്റെ പിടിയിലായത്. മുട്ടം സ്വദേശി കുളങ്ങരയില്‍ രാജേഷിന്റെ വീട്ടില്‍നിന്നാണ് ഇവര്‍ സ്വര്‍ണം അപഹരിച്ചത്.
കഴിഞ്ഞ 25നായിരുന്നു മോഷണം നടന്നത്. ഇവിടെ വീട്ടുജോലിക്ക് എത്തിയതായിരുന്നു സുജാത. കഴിഞ്ഞ ഏതാനും നാളുകളായി മുട്ടം തോട്ടുങ്കരയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ കുറച്ച് സുജാതയുടെ താമസസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. എസ്ഐ എന്‍.എസ്. റോയ്, എസ്സിപിഒ അബ്ദുല്‍ ഗഫൂര്‍, പ്രൊബേഷണല്‍ എസ്ഐ സാന്റിമോന്‍, വനിത സിപിഒ ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
