കോട്ടയം: കോട്ടയത്ത് ഇരട്ടപ്പാതയും ആറു പ്ലാറ്റ്ഫോമും രണ്ട് പ്രവേശന കവാടങ്ങളുമൊക്കെ വന്നിട്ടും യാത്രാദുരിതത്തിന് യാതൊരു കുറവുമില്ല. വേണാടിലും വഞ്ചിനാടിലും പുഷ്പുളിലും ചെന്നൈ മെയിലിലും എക്സിക്യൂട്ടീവിലും മലബാറിലുമൊക്കെ കാല്കുത്തി നില്‍ക്കാനോ ശ്വാസം വിടാനോ സാധിക്കാത്ത തിരക്കാണ്.
മറ്റ് വണ്ടികളിലെ ജനറല്‍ കംപാര്ട്ടുമെന്റുകളിലെല്ലാം സ്ഥിതി ഇതുതന്നെ. റിസര്‍വേഷന്‍ ലഭിക്കാതെ ജനറലില്‍ ദീര്‍ഘയാത്ര ചെയ്യേണ്ടിവരുന്നവരുടെ അവസ്ഥ അതിദയനീയം. കോട്ടയം-എറണാകുളം ട്രെയിനുകളില്‍ യാത്രക്കാര്‍ തലചുറ്റി വീഴുന്നതും പതിവു സംഭവം.
കായംകുളംമുതല്‍ എറണാകുളംവരെ എല്ലാ സ്റ്റേഷനുകളിലും ഇറങ്ങുന്ന യാത്രക്കാരുടെ ഇരട്ടിയാണ് അകത്തേക്കു കയറുക. സീറ്റു പോയിട്ട് കൈപിടിക്കാന്‍ ഇടമില്ലാത്ത വിധം തുടരുന്ന സഹനയാത്രയ്ക്ക് എന്നവസാനമുണ്ടാകും എന്ന് ആര്‍ക്കുമറിയില്ല. രാവിലെയുള്ള എറണാകുളം യാത്രയും വൈകുന്നേരത്തെ കൊല്ലം യാത്രയുമൊക്കെ ജീവന് പന്താടുന്ന പരീക്ഷണമാണ്.
എറണാകുളം-കൊല്ലം പാതയില്‍ ഒന്നുരണ്ടു പാസഞ്ചര്‍കൂടി ഓടിക്കാതെ ദുരിതത്തിന് അവസാനമില്ല. ഒറ്റപ്പെട്ട സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചാലൊന്നും പ്രശ്നത്തിന് പരിഹാരമില്ല. ഇരട്ടപ്പാത വന്നതോടെ ക്രോസിംഗ് ഒഴിവായതും യാത്രാസമയം കുറഞ്ഞതും വലിയ ആശ്വാസം. തിരക്കിന് ആശ്വാസമായി അനുവദിച്ച സ്പെഷല്‍ മെമുവിലും ചവിട്ടുപടിയില്വരെ യാത്രക്കാരുടെ സാഹസിക യാത്രയാണ്.
ഉച്ചകഴിഞ്ഞ് 2.40 ന് എറണാകുളം ജംഗ്ഷനില്‍നിന്ന് കോവിഡിന് മുമ്പ് സര്‍വീസ് നടത്തിയിരുന്ന മെമു റദ്ദാക്കിയതും വൈകുന്നേരം വേണാടിലെ തിരക്ക് കൂടാന്‍ കാരണമാകുന്നു. ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ കോട്ടയത്തേക്കു നീട്ടണമെന്ന ഏറെക്കാലമായുള്ള ആവശ്യവും പരിഗണിക്കുന്നില്ല. മലബാര്‍, മംഗലാപുരം എക്സ്പ്രസുകളുടെ ജനറല്‍ കോച്ചിലും തിങ്ങിനിറഞ്ഞാണ് യാത്ര.
