പരവൂർ: വന്ദേ ഭാരത് ചെയർകാറുകകളുടെ ഉത്പാദനം നിർത്താനുള്ള മുൻ തീരുമാനം അടിയന്തിരമായി പിൻവലിച്ച് റെയിൽവേ മന്ത്രാലയം. പുതുതായി 120 ട്രെയിൻ സെറ്റുകൾ കൂടി പൂർത്തിയാക്കിയ ശേഷം ചെയർകാറുകളുടെ ഉത്പാദനം നിർത്താനാണ് നേരത്തേ തീരുമാനിച്ചത് – ഈ തീരുമാനമാണ് ഇപ്പോൾ റെയിൽവേ ഉപേക്ഷിച്ചിട്ടുള്ളത്.
2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷ കാലയളവിനുള്ളിൽ 88 റേക്കുകൾക്ക് (ട്രെയിൻ സെറ്റുകൾ ) തുല്യമായ 1500 വന്ദേ ഭാരത് ചെയർകാർ കോച്ചുകൾ നിർമിക്കാൻ റെയിൽ മന്ത്രാലയം ബന്ധപ്പെട്ടവർക്ക് പുതുതായി നിർദേശം നൽകിക്കഴിഞ്ഞു.
ഇതിൽ 720 കോച്ചുകൾ ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരിക്കും നിർമിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഇന്റർസിറ്റി റൂട്ടുകളിൽ സർവീസ് നടത്തുന്ന എല്ലാ ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളുടെയും റേക്കുകളുടെ ഉത്പാദനം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.
അവയ്ക്ക് പകരം വന്ദേ ഭാരത് റേക്കുകൾ ഏർപ്പെടുത്താനാണ് റെയിൽവേയുടെ തീരുമാനം. ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്ന 88 റേക്കുകളിൽ 68 എണ്ണം 16 കോച്ചുകൾ ഉള്ള ട്രെയിൻ സെറ്റുകളായിരിക്കും.
ബാക്കിയുള്ള 20 എണ്ണം 20 കോച്ചുകൾ ഉള്ളവയുമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. വന്ദേ ഭാരത് ചെയർ കാർ റേക്കുകൾ മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത് പ്രധാനമായും പകൽ സർവീസുകളെ ഉദ്ദേശിച്ചുള്ളതുമാണ്.
കഴിഞ്ഞ വർഷം ഡിസംബർ വരെ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി, കപൂർത്തല റെയിൽ കോച്ച് ഫാക്ടറി, റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറി എന്നീ മൂന്ന് കോച്ച് പ്രൊഡക്ഷൻ യൂണിറ്റുകൾ ചേർന്ന് 96 വന്ദേഭാരത് ചെയർ കാർ റേക്കുകളാണ് നിർമിച്ചിട്ടുള്ളത്. ഇതിൽ 82 എണ്ണം നിലവിൽ സർവീസ് നടത്തുന്നുണ്ട്. ചിലത് സ്പെയർ കോച്ചുകളായി സൂക്ഷിച്ചിരിക്കുകയാണ്.
ബാക്കിയുള്ളവ ദക്ഷിണ റെയിൽവേ, വടക്കൻ റെയിൽവേ, മറ്റ് സോണുകൾ എന്നിവയ്ക്കായി അനുവദിച്ചിട്ടുണ്ട്. പക്ഷേ റൂട്ട് നിശ്ചയിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആകാത്തതിനാൽ സർവീസുകൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല.
ഇപ്പോഴത്തെ പുതിയ തീരുമാന പ്രകാരം ഐസിഎഫ്, ആർസിഎഫ്, എംസിഎഫ് എന്നിവ യഥാക്രമം 720, 336, 444 കോച്ചുകൾ വീതം നിർമിക്കും. 2026-27 കാലയളവിൽ എല്ലാ യൂണിറ്റുകളും ചേർന്ന് 16 കോച്ചുകൾ ഉള്ള ട്രെയിൻ സെറ്റുകളുടെ 23 റേക്കുകൾ നിർമിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ജനുവരി മന്ത്രാലയം ജനുവരി രണ്ടിന് പ്രത്യേക നിർദേശം എല്ലാ കോച്ച് ഉത്പാദക യൂണിറ്റുകൾക്കും നൽകിക്കഴിഞ്ഞു.
എസ്.ആർ. സുധീർ കുമാർ
