എരുമേലി: മിനി ബസ് നിർത്തി പെട്രോൾ നിറച്ചശേഷം മുന്നോട്ട് പോകുമ്പോൾ തങ്ങൾക്കൊപ്പമുണ്ടായിരുന്ന കുട്ടി ബസിൽ ഇല്ലായെന്ന് തമിഴ്നാട്ടുകാരായ ഭക്തർ അറിഞ്ഞില്ല. ഒടുവിൽ അവർക്ക് അരികിലേക്ക് ആ കുട്ടി എത്തിയത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണത്തിലൂടെ.
ബുധനാഴ്ച വൈകുന്നേരം അഞ്ചിന് എരുമേലിയിലാണ് സംഭവം നടന്നത്. എരുമേലി-മുണ്ടക്കയം റോഡിൽ പേരൂർത്തോട് പെട്രോൾ പമ്പിലാണ് കുട്ടി ഇറങ്ങിയത് അറിയാതെ ഭക്തർ യാത്ര തുടർന്നത്. പരിഭ്രാന്തിയിലായ കുട്ടി പെട്രോൾ പമ്പിന്റെ മുന്നിൽ റോഡിൽ ഏറെ സമയം നിന്നു. വരുന്ന ഓരോ വാഹനവും ആ കുട്ടി പരതുമ്പോൾ ആരുടെയും കണ്ണുകളിൽ ആ കുട്ടിയുടെ ദൃശ്യം ഉടക്കിയില്ല.
ഈ സമയം അതുവഴി കടന്നുപോയ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പട്രോളിംഗ് സ്ക്വാഡ് അംഗം വിനോദിന് ആ കുട്ടിയെ കണ്ടപ്പോൾ മനസിൽ എന്തോ ഒരു പന്തികേട് മണത്തു. വാഹനം തിരിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് പമ്പിന്റെ മുന്നിലെത്തി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു. കുട്ടി വിങ്ങിപ്പൊട്ടുന്നത് കണ്ടതോടെ ചോദ്യങ്ങൾ നിർത്തി വിനോദ് അന്വേഷണം തുടങ്ങി.
പമ്പിലെ സിസിടിവി കാമറാദൃശ്യങ്ങൾ വാങ്ങി കുട്ടി വന്ന വാഹനം തെരഞ്ഞു. തമിഴ്നാട് രജിസ്ട്രേഷനിലെ മിനി ബസിൽ കുട്ടി ഇറങ്ങുന്ന ദൃശ്യവും കുട്ടി ഇല്ലാതെ ബസ് പോകുന്ന കാഴ്ചയും കണ്ട് ആ ബസിന്റെ നമ്പർ മോട്ടോർ പരിവാഹൻ ആപ്പ് വഴി നോക്കി ഉടമയുടെ ഫോൺ നമ്പരെടുത്തു വിളിച്ചു വിനോദ് വിവരം അറിയിച്ചതോടെയാണ് ബസിൽ കുട്ടി ഇല്ലെന്ന വിവരം ബസിലുള്ളവർ അറിഞ്ഞത്.
തങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമായി തിരികെ കിട്ടിയ സന്തോഷത്തിൽ പിതാവും സഹയാത്രികരും വിനോദിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് വിനോദ്. എരുമേലി സേഫ് സോണിലെ താത്കാലിക ഡ്രൈവർ ജീൻസ് വർഗീസും കൂടെയുണ്ടായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട്ടിലെ മാവട്ടം സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
