കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് എടുത്തതിനു പിന്നാലെ നടപടി വേഗത്തില്‍ ആക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടിയും ഉടന്‍ ഉണ്ടാകും.
എസ്ഐടി പ്രതിചേര്‍ത്ത എല്ലാവരെയും പ്രതികള്‍ ആക്കിയാണ് കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡി അന്വേഷണം. 2019 ലെ സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് നടന്നതിലാണ് അന്വേഷണമെങ്കിലും 2025 വരെയുള്ള വിഷയങ്ങള്‍ ഇഡി അന്വേഷണ പരിധിയില്‍ വരും.
എസ്ഐടി പ്രതിചേര്‍ത്ത തന്ത്രി അടക്കം മുഴുവന്‍ പേരെയും പ്രതി ചേര്‍ത്താണ് കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഇഡി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്(ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതലയെന്നാണ് വിവരം.
ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ഉണ്ണികൃഷ്ണന് പോറ്റി ഒന്നാം പ്രതിയായ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, എന്‍.വാസു ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. ഏറ്റവും ഒടുവില്‍ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവരും ഇഡി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
വരും ദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ്, സ്വത്ത് കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇഡി കടക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് ഇഡി കോടതിയെ സമീപിച്ചതിനു പിന്നാലെ മുഴുവന്‍ രേഖകളും ഇഡിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇഡിക്ക് കേസ് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിര്‍പ്പ് തള്ളിയായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ച ശേഷം ഡയറക്ടറേറ്റില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്.
