കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന യുവാവ് യുവതിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതില്‍ സാന്പത്തിക തർക്കം കൊലപാതക കാരണമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പോലീസ്. ഇടുക്കി കല്ലാര്‍ സ്വദേശി ഷേര്‍ളി മാത്യു (45)വിനെ കോട്ടയം ആലുംമൂട് സ്വദേശി ജോബ് സക്കറിയ (38) കഴുത്തു മുറിച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൂവപ്പള്ളിയില്‍ ഷേര്‍ലി ആറു മാസം മുന്‍പ് വീടു വച്ചശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. വീടു പണിയാനുള്‍പ്പെടെ ജോബില്‍നിന്ന് 15 ലക്ഷത്തോളം രൂപ വാങ്ങിയശേഷം ഇയാളെ ഒഴിവാക്കാന്‍ മറ്റൊരാളുമായി നാലു മാസം മുന്‍പ് ഷേര്‍ലി അടുപ്പമുണ്ടാക്കിയതാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു.
ജോബിനോട് കൂവപ്പള്ളിയിലേക്ക് ഇനി ചെല്ലരുതെന്നും ഒരുമിച്ചു കഴിയാന്‍ താത്പര്യമില്ലെന്നും നിലപാട് സ്വീകരിച്ചതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. ജോബ് കോട്ടയം താഴത്തങ്ങാടിയില്‍ വലിയ വരുമാനത്തോടെ നടത്തിയിരുന്ന ട്യൂഷന് സെന്റര്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം നിർത്തിയിരുന്നു. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട് സുഹൃത്തുക്കളായതോടെ ഒരുമിച്ചു കഴിയാമെന്ന ധാരണയിലാണ് വീടുവയ്ക്കാന്‍ ജോബ് തന്റെ ബാങ്ക് നിക്ഷേപം ഷേര്‍ലിക്കു നല്‍കിയത്.
ഇതിനിടെ ഭിന്നത രൂക്ഷമായതോടെ ജോബിനെതിരേ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് വിശദമായ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സഹകരിക്കാന്‍ ഷേര്‍ലി താത്പര്യം കാണിച്ചില്ല. ഇതിനിടെ തന്റെ പണം തരണമെന്ന കടുത്ത നിലപാട് ജോബ് സ്വീകരിച്ചതോടെ ഇരുവരും തമ്മില്‍ പ്രശ്നം രൂക്ഷമായി.
ഇതോടെ ഷേര്‍ലി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുട ർന്ന് ജോബും ഷേര്‍ലിയുടെ ആദ്യ ഭര്‍ത്താവിന്റെ മകനും ചേര്‍ന്ന് കൊച്ചിയില്‍ ആശുപത്രിയിലേക്കു പോയി. ആ യാത്രയിലും തിരികെ വന്ന ശേഷവും ഇരുവരും തമ്മില്‍ കലശലായ ബഹളമുണ്ടായി.ജോബ് തന്നെ വക വരുത്തുമെന്ന് അടുത്തിടെ പരിചയത്തിലായ സുഹൃത്തിനെ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഷേര്‍ളി ഫോണില്‍ അറിയിച്ചിരുന്നു.
തിരികെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെയാണ് ഇദ്ദേഹം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതും തുടര്‍ന്ന് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതും. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യത്തില്‍ പങ്കില്ലെന്നു കണ്ടതിനാല്‍ വിട്ടയച്ചു.
