ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയ വാദിയെന്ന് വിളിച്ച സതീശൻ ഇന്നലെ പൂത്ത തകരയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ.കെ. ആന്റണിയോ താൻ വർഗീയ വാദിയാണെന്ന് പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ – ഈഴവ ഐക്യത്തോട് ലീഗിന് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ട് പോയില്ല. സംവരണം പറഞ്ഞ് എന്നെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ താൻ ചതിക്കപ്പെട്ടു. ലീഗ് ആണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
താൻ മുസ്ലിം വിരോധി അല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തതെന്നും മുസ്ലീം ലീഗിലെ വർഗീയതയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് എസ്എൻഡിപിയുടെ യോഗം 21ന് ആലപ്പുഴയിൽ നടക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു
