അസുൻസ്യോൺ: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ തീരുവ ഭീഷണിക്കിടെ യൂറോപ്യൻ യൂണിയൻ തെക്കേ അമേരിക്കയിലെ അർജന്റീന, ബ്രസീൽ, പരാഗ്വെ, ഉറുഗ്വെ രാജ്യങ്ങൾ ഉൾപ്പെടുന്ന മെർക്കോസർ ഗ്രൂപ്പുമായി വ്യാപാരക്കരാർ ഒപ്പുവച്ചു.
ശനിയാഴ്ച രാത്രി പരാഗ്വെ തലസ്ഥാനമായ അസുൻസ്യോണിൽ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോർ ദെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, ബ്രസീൽ ഒഴികെയുള്ള മെർ ക്കോസർ രാജ്യങ്ങളിലെ ഭരണാധികാരികൾ എന്നിവർ പങ്കെടുത്തു.
യൂറോപ്യൻ യൂണിയൻ പങ്കാളിയാകുന്ന ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാർ ആണിത്. ഇറുക്കുമതിത്തീരുവ കുറച്ച് വ്യാപാരം വർധിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
തീരുവയേക്കാൾ സുതാര്യ വ്യാപാരത്തിനും, ഒറ്റപ്പെടുത്തലിനേക്കാൾ ദീർഘകാല പങ്കാളിത്തത്തിനുമാണ് യൂറോപ്യൻ യൂണിയൻ മുൻഗണന കൊടുക്കുന്നതെന്ന് ഉർസുല ഫോൺ ദെർ ലെയ്ൻ കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണു കരാറിലൂടെ ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിൽ സാന്പത്തികസ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മെർക്കോസർ കരാർ നാഴികക്കല്ലാണെന്ന് അന്റോണിയോ ഡി കോസ്റ്റയും അഭിപ്രായപ്പെട്ടു.
യൂറോപ്യൻ യൂണിയനും മെർക്കോസർ ഗ്രൂപ്പും സ്വതന്ത്രവ്യാപാര കരാറിനു നീക്കം തുടങ്ങിയത് 25 വർഷം മുന്പാണ്. അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ പ്രതികൂല വ്യാപാര, വിദേശ നയങ്ങൾ മൂലം കരാറിനുള്ള ചർച്ചകൾ അടുത്തകാലത്ത് ഊർജിതമാവുകയായിരുന്നു. ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള അമേരിക്കൻ നീക്കത്തെ എതിർക്കുന്നതിന്റെ പേരിൽ എട്ടു യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപ് നികുതി പ്രഖ്യാപിച്ചത് ശനിയാഴ്ചയാണ്.
യൂറോപ്യൻ യൂണിയനിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും അംഗീകരിച്ച പശ്ചാത്തലത്തിലാണ് മെർക്കോസർ കരാർ ഒപ്പുവച്ചത്. ഇനി യൂറോപ്യൻ പാർലമെന്റ് കരാർ അംഗീകരിക്കേണ്ടതുണ്ട്. അതേസമയം, യൂറോപ്യൻ കർഷകർക്കു കരാറിനോട് എതിർപ്പുണ്ട്.
തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ വിലകുറഞ്ഞ കാർഷികോത്പന്നങ്ങൾ യൂറോപ്യൻ കർഷകരുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക. 2024 വർഷത്തിൽ യൂറോപ്യൻ യൂണിയനും മെർക്കസോർ രാജ്യങ്ങളും തമ്മിൽ 11,100 കോടി യൂറോയുടെ വ്യാപാരമുണ്ടായി.
മെഷിനറി, രാസ പദാർഥങ്ങൾ, യാത്രാ ഉപകരണങ്ങൾ മുതലായവയാണ് യൂറോപ്യൻ യൂണിയന്റെ കയറ്റുമതി. കാർഷികോത്പന്നങ്ങൾ, ധാതുക്കൾ തുടങ്ങിയവ മെർക്കോസർ രാജ്യങ്ങളും കയറ്റുമതി ചെയ്യുന്നു.
