കോട്ടയം: പന്ത്രണ്ടു വര്‍ഷം മുന്‍പെടുത്ത തീരുമാനം വേണ്ടവിധം നടപ്പാക്കിയിരുന്നെങ്കില്‍ നിലവില്‍ എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ ഇക്കൊല്ലം വിമാനത്തില്‍ വന്നിറങ്ങി മടങ്ങിയേനെ. സര്‍ക്കാരിന്റെ പിടിപ്പുകേടും വീഴ്ചകളും മാത്രമാണ് ശബരി പദ്ധതി ഫയലില്‍ ഒതുങ്ങാന്‍ കാരണമായത്.
കേസ് നിലനില്‍ക്കെത്തന്നെ ഏറ്റെടുക്കേണ്ട ഭൂമിയുടെ മൂല്യവില കോടതിയില്‍ കെട്ടിവച്ചശേഷം സ്ഥലം ഏറ്റെടുക്കാമായിരുന്നു.എയര്‍പോര്‍ട്ടും എസ്റ്റേറ്റും സംബന്ധിച്ച് സുപ്രീം കോടതിവരെ തുടര്‍ന്ന വ്യവഹാരങ്ങളിലെല്ലാം വിധി ബിലീവേഴ്സ് ചര്‍ച്ചിന് അനുകൂലമായിരുന്നു. 2018ലെ രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ അവകാശം സര്‍ക്കാരിനുള്ളതാണെന്നും ഹാരിസണ്‍ മലയാളം കമ്പനിവക തോട്ടമാണ് ചെറുവള്ളിയിലേതെന്നും ഇവരില്‍നിന്ന് ബിലീവേഴ്സ് ചര്‍ച്ച് തോട്ടം വാങ്ങിയതില്‍ നിയമസാധുതയില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ന്യായവില കൊടുത്താല്‍ സ്ഥലം സര്‍ക്കാരിന് നല്കാന് തയാറാണെന്നും തുടക്കംമുതല്‍ ചര്‍ച്ച് പറയുന്നുണ്ട്. മാത്രവുമല്ല എയര്‍പോര്‍ട്ടിന് പരമാവധി 1500 ഏക്കര്‍ മതിയെന്നിരിക്കെ 2263 ഏക്കര്‍ എസ്റ്റേറ്റ് പൂര്‍ണമായി വേണമെന്നു സര്‍ക്കാര്‍ താത്പര്യപ്പെടുന്നതില്‍ അവ്യക്തതയുണ്ടെന്നും ചര്‍ച്ച് ആവര്‍ത്തിക്കുന്നു. ഇതിനു പുറമെയാണ് സമീപവാസികളുടെ 307 ഏക്കര്‍കൂടി അളന്നുതിരിച്ചത്.
2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമം അനുസരിച്ച്, ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 2263 ഏക്കര്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കര്‍ ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം.ആവശ്യമായ സ്ഥലത്തിന്റെ ഇരട്ടി എന്തുകൊണ്ട് വേണമെന്നതിന് ഉത്തരം നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അടുത്തയിടെ ഹൈക്കോടതിയില്‍ ജസ്റ്റീസ് സി. ജയചന്ദ്രന് വിജ്ഞാപനവും സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഉത്തരവും റദ്ദാക്കിയത്.
തീരുമാനത്തിലല്ല മറിച്ച് തീരുമാനമെടുത്ത നടപടികളിലാണു തെറ്റുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. വലിയ വിമാനത്താവളത്തിനുപോലും 1200 ഏക്കര്‍ മതിയെന്നിരിക്കെ എരുമേലിയില്‍ എന്തിനാണ് ഇത്രയധികം ഭൂമിയെന്ന് കോടതി ചോദിച്ചു. കുറഞ്ഞ അളവ് ഭൂമി എത്രയെന്നു നിശ്ചയിക്കാന്‍ വീണ്ടും സാമൂഹികാഘാത പഠനം നടത്താനും നിര്‍ദേശിച്ചിരുന്നു.
കൊച്ചി വിമാനത്താവളം 1300 ഏക്കറിലും തിരുവനന്തപുരം 700 ഏക്കറിലുമാണ്. ഈ സാഹചര്യത്തിൽ അഞ്ചാമത്തെ വിമാനത്താവളമാകേണ്ട ശബരിക്ക് 2570 ഏക്കര്‍ എന്തിനെന്നായിരുന്നു ചോദ്യം. ഭാവി വികസനത്തിനാണ് 2570 ഏക്കര്‍ ഏറ്റെടുക്കുന്നതെന്നു സര്‍ക്കാര്‍ വാദിച്ചെങ്കിലും വികസന പദ്ധതികള്‍ എന്തൊക്കെയാണെന്നോ എത്ര ഭൂമി വേണമെന്നോ വിശദീകരിക്കാനായില്ല.
