ഇടവരമ്പ് ഗവ. എൽപി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ ചീരകൃഷിയുടെ വിളവെടുപ്പ് ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ചെറുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ചെറുപുഴ കൃഷിഭവൻ വഴി നടപ്പിലാക്കുന്ന സ്ഥാപന പച്ചക്കറി കൃഷിയിൽ മികച്ച മാതൃകയായി ഇടവരമ്പ് ഗവ. എൽപി സ്കൂൾ. പഞ്ചായത്തിലെ ഏക ഗവൺമെന്റ് പ്രാഥമിക വിദ്യാലയമായ ഇടവരമ്പ് സ്കൂൾ എല്ലാവർഷവും പച്ചക്കറി കൃഷി ചെയ്യാറുണ്ടെങ്കിലും ഇതാദ്യമായാണ് 60 സെന്റിൽ ഇത്രയും വിപുലമായി കൃഷി ചെയ്യുന്നത്.
പന്തൽ ഇനങ്ങൾ ഉൾപ്പെടെ 13 ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്ന കൃഷിയിടത്തിൽ 20 സെന്റോളം സ്ഥലത്ത് കൃഷി ചെയ്ത റോഡരികിലെ ചീരപ്പാടം നാട്ടുകാർക്കും യാത്രക്കാർക്കും മനോഹരമായ കാഴ്ചയാണ്.
ചീരപ്പാടത്തിന്റെ വിളവെടുപ്പ് ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന വില്യം മാങ്കോട്ടിൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. രാഖി പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ പി. അഞ്ജു, എം.കെ. സുനിൽകുമാർ, ബിജു തെന്നടിയിൽ, സി.കെ. ബീന, ശ്രുതി രാജേഷ് എന്നിവർ പ്രസംഗിച്ചു.
വിളവെടുത്ത ചീര കെട്ടുകളാക്കി ആഘോഷപൂർവം പുളിങ്ങോം ടൗണിൽ വിറ്റഴിച്ചു. വില്പന ഉദ്ഘാടനം ചെറുപുഴ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ നിർവഹിച്ചു. കുട്ടികൾക്ക് ശാസ്ത്രീയ കൃഷിപാഠം പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ പ്ലാസ്റ്റിക് മൾച്ചിംഗ് ഡ്രിപ്പ് ഇറിഗേഷൻ ഉൾപ്പെട്ട കൃത്യതാ കൃഷിരീതിയിലൂടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
20 സെന്റ് സ്ഥലത്ത് ചീരമാത്രം വിളയിച്ചെടുത്ത് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കാൻ തുടങ്ങി. കൃഷിഭവൻ വഴി കൃഷിക്ക് 50,000 രൂപ സബ്സിഡി ലഭ്യമാക്കിയിട്ടുണ്ടെന്ന് സാങ്കേതിക ഉപദേശങ്ങളുമായി എന്നും കൂടെയുള്ള ചെറുപുഴ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.
