കൂട്ടുകാര്‍ വിളിച്ചു, ഉറക്കമുണര്‍ന്നു കോമയിലായ ചൈനീസ് ബാലന്‍

55 ദിവസം കോമയിലായിരുന്ന ചൈനീസ് ബാലന്‍ സ്വബോധം വീണ്ടെടുത്തുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് കാരണമായത് കുട്ടിയുടെ പ്രിയപ്പെട്ട കൂട്ടുകാരുടെ ആത്മാര്‍ഥമായ ശ്രമങ്ങളാണെന്നതാണ് ശ്രദ്ധേയം. ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലിയു ചുക്‌സി എന്ന എട്ടു വയസുകാരന്‍ കോമയിലായത് കഴിഞ്ഞ നവംബറിലുണ്ടായ വാഹനാപകടത്തിനു ശേഷമാണ്. തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായ പരിക്കുകള്‍ സംഭവിച്ച കുട്ടി ഇനി എഴുന്നേല്‍ക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു.

അങ്ങനെയിരിക്കേയാണ്, കുട്ടിക്ക് ഇഷ്ടപ്പെട്ട സംഗീതമോ പരിചിതമായ ശബ്ദങ്ങളോ തലച്ചോറിനെ ഉദ്ദീപിപ്പിച്ചേക്കാമെന്ന ആശയം ഒരു ഡോക്ടര്‍ കുട്ടിയുടെ അമ്മയ്ക്ക് പകര്‍ന്നു നല്‍കിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ മകന്‍റെ സ്‌കൂള്‍ സന്ദര്‍ശിക്കുകയും, ടീച്ചറുടെ സഹായത്തോടെ അവന്‍റെ സഹപാഠികളുടെ വൈകാരികമായ വീഡിയോ സന്ദേശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ‘ചുക്‌സീ, എഴുന്നേല്‍ക്ക്..നമുക്ക് ഫുട്‌ബോള്‍ കളിക്കാന്‍ പോകാം’ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ നിരവധി കൂട്ടുകാര്‍ അയച്ചുനല്‍കി. കൂടാതെ, ക്ലാസ് മുറിയിലെ രസകരമായ സംഭവങ്ങളും കണക്കു ടീച്ചറുടെ ക്ലാസും എല്ലാം വീഡിയോയില്‍ പകര്‍ത്തി.

ദിവസവും ഇവയെല്ലാം ഉറങ്ങിക്കിടക്കുന്ന ചുക്‌സിയുടെ അരികില്‍ വച്ചു കേള്‍പ്പിച്ചു. 45 ദിവസത്തിനു ശേഷം ആദ്യമായി കുട്ടി കണ്‍പോളകള്‍ ചലിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ പുഞ്ചിരിക്കാന്‍ തുടങ്ങി. ഒടുവില്‍ 55ാം ദിവസം, ചുക്‌സി ബോധം വീണ്ടെടുക്കുകയും ഒരു കൈ ചലിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, സ്‌കൂളിലെ കൂട്ടുകാരും അധ്യാപികയും ആശുപത്രിയിലെത്തി ചുക്‌സിയെ സന്ദര്‍ശിച്ചു. ‘ഒടുവില്‍ കാര്‍മേഘങ്ങള്‍ നീക്കി സൂര്യന്‍ പുറത്തുവന്നു. ശരിക്കും അദ്ഭുതം സംഭവിച്ചു’, ചുക്‌സിയുടെ അമ്മ പ്രതികരിച്ചു. അതേസമയം, ഈ കുട്ടിയുടെ അവസ്ഥ തുടര്‍ച്ചയായി മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും, പൂര്‍വസ്ഥിതിയിലെത്താന്‍ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

Leave a Comment