നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന ‘സിജെപി’ പ്രക്ഷോഭ വേദിയിൽ നിന്ന് വേറിട്ടതും മാതൃകാപരവുമായ കാരുണ്യപ്രവർത്തനം. സമരം ചെയ്യുന്ന വിദ്യാർഥികൾക്കായികൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ഓൺലൈൻ വഴി എത്തിയ ആയിരക്കണക്കിന് ഭക്ഷണപ്പൊതികളിൽ മിച്ചം വന്നവ സമീപത്തെ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്ത് വിദ്യാർഥികൾ മാതൃകയായി.
പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, ആവശ്യത്തിലധികം ഭക്ഷണപ്പൊതികൾ എത്തിയതോടെ അവ പാഴാക്കിക്കളയാതെ സമീപത്തെ ആശുപത്രിക്ക് മുന്നിൽ വിശപ്പോടെ കഴിഞ്ഞിരുന്ന ആളുകൾക്ക് എത്തിച്ചു നൽകാൻ പ്രക്ഷോഭകർ തീരുമാനിക്കുകയായിരുന്നു.
“ഭക്ഷണപ്പൊതികൾ പാഴാക്കി കളയാതെ, വളരെ കരുണാർദ്രമായ തീരുമാനമാണ് വോളന്റിയർമാർ എടുത്തത്. ആശുപത്രി വാർഡുകൾക്ക് പുറത്ത് മണിക്കൂറുകളോളം വിശപ്പടക്കി പ്രിയപ്പെട്ടവരെ പരിചരിക്കാൻ കാത്തിരുന്ന കൂട്ടിരിപ്പുകാർക്കാണ് ഈ ഭക്ഷണം നൽകിയത്. പ്രക്ഷോഭ രംഗത്തുനിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് കണ്ടന്റ് ക്രിയേറ്റർ വിനയ് ശർമ്മ കുറിച്ചു.
ഭക്ഷണം വിതരണം ചെയ്തതിന് പുറമേ, സമരം താത്ക്കാലികമായി നിർത്തിവെച്ച സമയത്ത് ജന്തർ മന്തറിലെ റോഡുകളും പരിസരങ്ങളും വിദ്യാർഥികൾ തന്നെ അടിച്ചുവാരി വൃത്തിയാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ചാക്കുകളിൽ ശേഖരിച്ച് പരിസരം ശുചിയാക്കുന്നതിൽ പെൺകുട്ടികളടക്കം പങ്കാളികളായി.
വിദ്യാർഥികളുടെ ഈ പ്രവർത്തനം ചിത്രീകരിച്ച് പങ്കുവെച്ച വീഡിയോകൾ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് വിദ്യാർഥികളെ പ്രശംസിച്ച് രംഗത്തെത്തിയത്.
“ഞാൻ എപ്പോഴും കാണാൻ ആഗ്രഹിച്ച ഭാരതമാണിത്. നമ്മൾ ഒന്നിച്ചുനിൽക്കുമ്പോൾ അതിൽ വലിയ സൗന്ദര്യമുണ്ട്. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി നിൽക്കുന്ന കാഴ്ച, എന്ന് ഒരു ഉപയോക്താവ് കുറിച്ചു. കുട്ടികളുടെ ഈ നന്മയും സഹജീവി സ്നേഹവും എല്ലാ ഇന്ത്യൻ പൗരന്മാരിലും എപ്പോഴും നിലനിൽക്കട്ടെ എന്നാണ് സോഷ്യൽ മീഡിയ ഒരേസ്വരത്തിൽ ആശംസിക്കുന്നത്.
