വളരെക്കാലം തൊഴില്‍രഹിതനായി ജീവിച്ചശേഷം ടാക്‌സി ഡ്രൈവറുടെ കുപ്പായമണിഞ്ഞ യുവാവിന്‍റെ റെഡ്ഡിറ്റ് പോസ്റ്റ് ശ്രദ്ധ പിടിച്ചു പറ്റുന്നു. കടുത്ത സമ്മര്‍ദത്തില്‍ ദിവസേന 16 മണിക്കൂര്‍ ജോലി ചെയ്താല്‍ ലഭിക്കാവുന്ന വരുമാനവും അയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി പല ബിസിനസ് സംരംഭങ്ങളും പരീക്ഷിച്ചതിന്‍റെ ഫലമായുണ്ടായ ലോണുകളും ക്രെഡിറ്റ് കാര്‍ഡ് കടങ്ങളും വീട്ടാനും കൂടിയാണ് ഡ്രൈവര്‍ ജോലി സ്വീകരിച്ചത്.
തളര്‍ത്തുന്ന ശരീരവേദനയും വിശ്രമത്തിനു പോലും സാവകാശം നല്‍കാത്ത സമയക്രമവും ഈ ജോലി ചെയ്യുന്നവരുടെ ജീവിതത്തിലെ വില്ലന്മാരാണ്. എല്ലാറ്റിനുമൊടുവില്‍ കിട്ടുന്ന ദിവസ വരുമാനം 4000 രൂപ മാത്രം. കാറിന്‍റെ വാടകയും ഇന്ധനച്ചെലവും ആഹാരവും കഴിഞ്ഞാല്‍ ആയിരം രൂപയാണ് മിച്ചം കിട്ടുന്നത്. ഈ പോസ്റ്റിനോട് സഹാനുഭൂതിയോടെയാണ് ജനങ്ങള്‍ പ്രതികരിച്ചത്.
ഏറെ ലൈക്കുകള്‍ കിട്ടിയ ഒരു കമന്‍റ് ഇങ്ങനെയാണ്: ‘ താങ്കളുടെ ജീവിതകഥ പങ്കുവച്ചതിന് നന്ദി. ഇത്ര ബുദ്ധിമുട്ടുള്ള ജോലിയാണിതെന്ന് അറിഞ്ഞിരുന്നില്ല. ചിലപ്പോള്‍ ഇതുകൊണ്ടായിരിക്കും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് ദേഷ്യം വരുന്നത്. പലരോടും മോശമായി പെരുമാറുന്നതും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നതുമൊക്കെ അവർ അനുഭവിക്കുന്ന സമ്മർദം മൂലമാകാം. കഷ്ടതകളും നിരാശയുമാണ് ഇതിനെല്ലാം കാരണമെന്ന് ഇപ്പോള്‍ എനിക്ക് മനസിലാകുന്നു’.
വരുമാനം വെളിപ്പെടുത്തി ബംഗളുരുവിലെ ടാക്‌സി ഡ്രൈവര്‍; റെഡ്ഡിറ്റ് പോസ്റ്റ് വൈറല്‍
