ബ്രസല്‍സ് (ബെല്‍ജിയം): മതാധിപത്യഭരണകൂടത്തിനെതിരേ പ്രതിഷേധിച്ചവരെ ക്രൂരമായി വകവരുത്തിയ ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ (ഐആര്‍ജിസി) ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യൂറോപ്യന്‍ യൂണിയന് ഒരുങ്ങുന്നു. യൂറോപ്യന്‍ കമ്മീഷന് വൈസ് പ്രസിഡന്റ് കജ കല്ലാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), ഹമാസ് തുടങ്ങിയ സംഘടനകള്ക്കൊപ്പമായിരിക്കും ഇറാന്സേനയെയും കണക്കാക്കുക. അംഗരാജ്യങ്ങളുടെ ഏകകണ്ഠമായ പിന്തുണയോടെയായിരിക്കും പ്രഖ്യാപനം നടപ്പിലാക്കുക. ഇറാനില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ 6,373 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഭീകരരെ പോലെയാണ് പെരുമാറുന്നതെങ്കില്‍, ഭീകരവാദിയായിത്തന്നെ പരിഗണിക്കപ്പെടണം എന്ന് കജ കല്ലാസ് മാധ്യമങ്ങളോടു പറഞ്ഞു.
തുടക്കത്തില്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്ന ഫ്രാന്‍സ് ഇപ്പോള്‍ അനുകൂല നിലപാടിലേക്കു മാറിയിട്ടുണ്ട്. ഇറാനില്‍ തടവിലാക്കപ്പെട്ട ഫ്രഞ്ച് പൗരന്മാരുടെ സുരക്ഷയും നയതന്ത്ര ബന്ധങ്ങളും മുന്‍നിര്‍ത്തിയായിരുന്നു ഫ്രാന്‍സ് നേരത്തെ വിട്ടുനിന്നിരുന്നത്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കരുത് എന്ന നിലപാടില്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് നോയല്‍ ബാരോട്ട് പിന്തുണ അറിയിച്ചു.
യുക്രെയ്ന് യുദ്ധത്തില്‍ റഷ്യക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഇറാന് നിഷേധിക്കുന്നുണ്ടെങ്കിലും റഷ്യയുമായുള്ള ഇറാന്റെ സഖ്യം യൂറോപ്യന്‍ രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്പിന് സാധിക്കും.
1979-ല്‍ അയത്തുള്ള ഖൊമേനിയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് സ്ഥാപിച്ചത്. ഇറാന്റെ ഔദ്യോഗിക സൈന്യത്തില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഈ വിഭാഗം പരമോന്നത നേതാവിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള വിഭാഗമാണിത്. ഐആര്‍ജിസിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇറാനും യൂറോപ്പും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകും
