കൊച്ചി: അതിമാരക രാസലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി കബൂത്തര്‍ ഭായിയും സഹായിയും പിടിയിലായ കേസില്‍ പ്രതികള്‍ നാട്ടില്‍ മോഷണവും പിടിച്ചുപറിയും നടത്തിയെങ്കിലും രക്ഷയില്ലാതെ വന്നതോടെ ലഹരിക്കടത്തിലേക്ക് തിരിഞ്ഞതാണെന്ന് എക്സൈസ് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തില്‍ നിന്നാണ് അസം കരീംഖജ് സ്വദേശികളായ ജഹിദുള്‍ ഇസ്ലാം (കമ്പൂത്തര്‍ ഭായി) (29) റംസാന് അലി (26) എന്നിവരാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യല്‍ ഇന്റലിജന്‍സ് സ്ക്വാഡ് ടീം, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് 16 ഗ്രാം ഹെറോയിന്‍, ഒരു ഗ്രാം എംഡി എംഎ, 30 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് കണ്ടെടുത്തു. മയക്ക് മരുന്ന് വില്‍പ്പന നടത്തി കിട്ടിയ 2,85,000 രൂപയും മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനായി ഉപയോഗിച്ച മൂന്ന് സ്മാര്‍ട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
അസം കരീംഖംജ് സ്വദേശികളായ ഇരുവരും നാട്ടില്‍ മയക്കു മരുന്ന് കച്ചവടവും നടത്തിയിരുന്നു. എന്നാല്‍ അവിടെ ലാഭമില്ലാതെ വന്നപ്പോഴാണ് കാക്കനാടുള്ള സുഹൃത്തിന്റെ ക്ഷണപ്രകാരം കബൂത്തര്‍ ഭായിയും സഹായിയും ഹെറോയിനുമായി കാക്കനാട് ഭാഗത്ത് എത്തിയത്.
ഇവിടെ കച്ചവടം പൊടി പൊടിക്കുന്നതിനാല്‍ ഓര്‍ഡര്‍ അനുസരിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ഇവര്‍ അസമിലെ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കരീംഖംജില് നിന്ന് ഹൊറോയിന്‍ ഇവിടെ എത്തിക്കും. മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്തി പാക്കു ചെയ്യുന്നതിനായി തൃക്കാക്കര ഭാരത് മാതാ കോളജിന് സമീപം ഒരു വാടക വീടും ഇവര്‍ സംഘടിപ്പിച്ചിരുന്നു.
എത്തിയിരുന്നത് ട്രെയിന്‍ മാര്‍ഗം
പിടിക്കപ്പെടാതിരിക്കാന്‍ ട്രെയിന്‍ മാര്‍ഗം പാലക്കാട് വന്നെത്തിയ ശേഷം അവിടെ നിന്നും ബസില്‍ കാക്കനാട് എത്തുന്നതായിരുന്നു ഇവരുടെ ലഹരിക്കടത്ത് രീതി. ഈ അടുത്തിടെ കാക്കനാട് തുതിയൂരില്‍ നിന്ന് പിടികൂടിയ യുവാവില്‍ നിന്ന് ലഭിച്ച വിവരമാണ് കമ്പൂത്തര്‍ ഭായിയില്‍ ചെന്ന് എത്തിച്ചത്. മുന്‍ കൂര് പണം വാങ്ങിയ ശേഷം ആവശ്യക്കാര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് മയക്കുമരുന്ന് എത്തിച്ച് നല്‍കും.
ഒറ്റ ദിവസത്തെ കച്ചവടത്തില്‍ നിന്ന് ലഭിച്ച 2,85,000 രൂപ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ഇവര്‍ താമസിച്ചിരുന്ന വാടക വീടിന്റെ സീലിംഗ് പൊളിച്ച് അതിനകത്തായിരുന്നു പണവും അധികമായി ഉണ്ടായിരുന്ന മയക്കുമരുന്നും ഒളിപ്പിച്ചിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഈ മയക്കു മരുന്നുകള്‍ അതിര്‍ത്തി കടത്തികൊണ്ടുവന്നതാണെന്ന സംശയവും എക്സൈസിന് ഉണ്ട്. ഇതിനായി പ്രത്യേക ടീം തിരിച്ചുള്ള വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എക്സൈസ്.
ഇടപാടുകാരുടെ ക ബൂത്തര് ഭായി
10 മില്ലി ഗ്രാം അടങ്ങുന്ന ചെറിയ ഒരു കുപ്പിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ആവശ്യക്കരുടെ താമസ സ്ഥലത്ത് മയക്കുമരുന്ന് നേരിട്ട് ഉത്തരവാദിത്തത്തോടെ എത്തിച്ച് നല്കുന്നതിനാല് ഉപഭോക്താക്കള്‍ ജഹിദുള്‍ ഇസ്ലാമിന് നല്കിയ പേരാണ് കമ്പൂത്തര്‍ ഭായി എന്നത്. ഓണ്‍ലൈന്‍ ആയി ഇവര്‍ പണം സ്വീകരിച്ചിരുന്നില്ല. നഗരത്തിലെ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ഇടപാടുകാര്‍.
ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും രാസലഹരിയുടെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എന്‍ സുധീര്‍ അറിയിച്ചു.
ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യല്‍ ഇന്റലിജന്‍സ് സ്ക്വാഡ് ടീമിലെ ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, സിവില്‍ എക്സൈസ് ഓഫീസര്‍ രജിത്ത് ആര്. നായര്‍, ഐബി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.ജി. അജിത്ത് കുമാര്‍, എറണാകുളം നോര്‍ത്ത് സര്‍ക്കിളിലെ ഇന്‍സ്പെക്ടര്‍ സേതു ലക്ഷ്മി, സിവില്‍ എക്സൈസ് ഓഫീസറായ വി.എം. സെയ്ത്, വിമല്‍രാജ്, ബൈജു.എം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
