നെടുമങ്ങാട്: മദ്യ ലഹരിയിൽ അമ്മയെ തീകത്തിച്ച് കൊലപ്പെടുത്തിയ കേസിൽ വെള്ളറട ആനപ്പാറ എലിവാലൻകോണം വടക്കേക്കര പുത്തൻവീട്ടിൽ പി.മോസസ് വിപിന് (39) ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു.
അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കഠിനതടവ് അനുഭവിക്കണം.പിഴ സംഖ്യ ഒന്നാം സാക്ഷിക്ക് കൈമാറണമെന്നും വിധി ന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
2024 ജനുവരി 26ന് രാവിലെ 7നും 7.15നും ഇടയ്ക്കാണ് കേസിനാസ്പദസമായ സംഭവം.മോസസും അമ്മ നളിനിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇളയമകൻ ജെയിൻ ജേക്കബ് മോസസിനെ പേടിച്ച് മറ്റൊരിടത്താണ് താമസം, രാവിലെ അമ്മക്ക് കാപ്പി വാങ്ങി വീട്ടിൽകൊണ്ട് കൊടുക്കാറുള്ളത് ജെയിൻ ജേക്കബാണ്.
സംഭവ ദിവസം കാപ്പിയുമായി എത്തിയ ജെയിൻ കണ്ടത് വീടിനുള്ളിൽ അരക്ക് മുകളിലുള്ള ഭാഗം കത്തിയ നിലയിലും ഇരുകാലുകളും ഒരു കമ്പ് കൊണ്ട് കെട്ടിയ നിലയിലുമുള്ള അമ്മയുടെ ശരീരമായിരുന്നു. തൊട്ടടുത്ത് കൈയിൽ കത്തിയുമായി ശരീരമാസകലം കരിപുരണ്ട നിലയിൽ പ്രതിയും ഉണ്ടായിരുന്നു. ജെയിന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും പൊലീസും മോസസ് വിപിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
സാഹചര്യത്തെളിവുകളുടേയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഇയാൾ പോക്സോ കേസ് പ്രതിയുമാണ്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.ആർ.ഷാജി ഹാജരായി. വെമ്പായം എ.ഷമീർ, അസീം, ആർ.എസ്.നീരജ് , ഉദയൻ പുനലൂർ, അഖില അജി, അർച്ചന ആർ.തോമസ്, അനീറ്റ മേരി അലക്സ് എന്നീ അഭിഭാഷകരും അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച മുൻ വെള്ളറട എസ്.എച്ച്.ഒ ധനപാലൻ, റസൽരാജ്, ബാബുകുറുപ്പ്, പ്രസാദ്, എസ്സിപിഒ അരവിന്ദ്, സിപിഒ നവീൻ എന്നിവരും ഹാജരായി.
