തൈറോയ്ഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ ശൃംഖലയായ തൈറോകെയറിന്റെ സ്ഥാപകന്‍ ഡോ. ആരോഗ്യസാമി വേലുമണി തന്‍റെ വിദ്യാര്‍ഥി ജീവിതകാലത്തെ പ്രധാനപ്പെട്ടൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ശാസ്ത്രജ്ഞനും വ്യവസായിയുമായുള്ള തന്‍റെ വളര്‍ച്ചയ്ക്കു പിന്നില്‍ തമിഴ്‌നാട്ടിലെ ഒരു റെയില്‍വേ പ്ലാറ്റ്‌ഫോം ചെലുത്തിയ സ്വാധീനമാണ് അദ്ദേഹം എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്.
എഴുപതുകളില്‍ കോയമ്പത്തൂരിലെ ശ്രീരാമകൃഷ്ണ മിഷന്‍ വിദ്യാലയയില്‍ പഠിച്ചിരുന്ന കാലം. മറ്റ് കോളേജുകളെ അപേക്ഷിച്ച് ശ്രീരാമകൃഷ്ണ മിഷന്‍ വിദ്യാലയ താരമ്യേന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്ന ഫീസാണ് ഈടാക്കിയിരുന്നതെങ്കിലും അവിടുത്തെ ഹോസ്റ്റല്‍ ഫീസ് കൂടി നല്‍കാന്‍ വേലുമണിക്ക് ബുദ്ധിമുട്ടായിരുന്നു. ഇങ്ങനെയാണ് കോളേജില്‍ പോകാന്‍ ട്രെയിനിനെ ആശ്രയിക്കാമെന്ന് തീരുമാനിച്ചത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. അവിടെയിരുന്ന് ഫിസിക്‌സും കെമിസ്ട്രിയും കണക്കുമെല്ലാം പഠിക്കുമായിരുന്നെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
ഭാഭ ആണവഗവേഷണ കേന്ദ്രത്തില്‍ ജോലി കിട്ടിയത് ഇതിന്‍റെയെല്ലാം ഫലമാണ്. ജോര്‍ജ് സൈമണ്‍ ഓം, അമീദിയോ അവോഗാദ്രോ, പൈതഗോറസ് എന്നിവരുടെയെല്ലാം സിദ്ധാന്തങ്ങളെ അറിഞ്ഞെന്നും അദ്ദേഹം പറയുന്നു. ഏറ്റവുമധികം പേരുടെ മനസില്‍ ചേക്കേറിയ വരികള്‍ ഇവയാണ്: ‘ഭാര്യവശാല്‍ ഞാന്‍ പാവപ്പെട്ടവനായിരുന്നു…കരിയറോ പഠനമോ ബിസിനസോ എന്തുമാകട്ടെ…ക്ഷമ, ശ്രദ്ധ, അച്ചടക്കം, മിതവ്യയം എന്നിവ സുസ്ഥിര വിജയം നല്‍കും..’ എന്നെ ഞാനാക്കിയ പ്ലാറ്റ്‌ഫോമില്‍ 2015ല്‍ സ്വന്തം ഭാര്യയെ കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നേ ദിവസം എടുത്ത ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
അങ്ങയുടെ യാത്ര പ്രചോദനം നല്‍കുന്നതാണ് എന്നൊരു യൂസര്‍ കമന്‍റ് ചെയ്തപ്പോള്‍ താങ്കള്‍ ഒരു പുസ്തകത്തെക്കാള്‍ നന്നായി ക്ഷമയും അച്ചടക്കും എന്തെന്ന് വിവരിച്ചുവെന്ന് മറ്റൊരാള്‍ എഴുതി.
‘എന്നെ ഞാനാക്കിയ പ്ലാറ്റ്‌ഫോം’…ജീവിതത്തിലെ സുപ്രധാന ഏട് പങ്കുവച്ച് തൈറോകെയര്‍ സ്ഥാപകന്‍
