വൈക്കം: വൈക്കം-വെച്ചൂർ റോഡിൽ തോട്ടകം ഷാപ്പിനു സമീപം വഴിയോരത്ത് യുവതി നടത്തിയിരുന്ന താത്കാലിക മത്സ്യകച്ചവടകേന്ദ്രം സാമൂഹ്യവിരുദ്ധർ തകർത്ത് ഉപകരണങ്ങൾ പുഴയിൽ എറിഞ്ഞതായി പരാതി.
അയ്യർകുളങ്ങര കുടിയാംശേരി ബിന്ദുവിന്റെ താത്കാലിക മത്സ്യകടയാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഇരുമ്പ് ഷീറ്റുകൊണ്ട് നിർമിച്ച ഷെഡിന്റെ താഴ് തകർത്ത് കടയിലുണ്ടായിരുന്ന രണ്ട് ഫ്രിഡ്ജ്, ത്രാസ്, മോട്ടോർ, പെട്ടി, ഇരുമ്പ് തട്ട് തുടങ്ങിയ ഉപകരണങ്ങളെല്ലാം സമീപത്തെ കരിയാറിലെറിഞ്ഞ നിലയിലാണ്.
അരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബിന്ദുവിന്റെ പിതാവ് മത്തായി പറഞ്ഞു. രണ്ടു മാസം മുമ്പാണ് ബിന്ദു വായ്പയെടുത്ത് മറ്റൊരാളുടെ സ്ഥലം വാടകയ്ക്കെടുത്ത് മത്സ്യക്കച്ചവടം ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം വൈകുന്നേരം 6.30 വരെയാണ് കച്ചവടം നടത്തിയിരുന്നത്.
പിതാവ് മത്തായിയും മറ്റൊരു സഹായിയായ സ്ത്രീയുമാണ് കടയിലുള്ളത്. കടയുടെ പുറകിൽ പുഴയോരത്ത് ഇട്ടിരുന്ന ബെഞ്ചിൽ മദ്യപസംഘം ഇരിക്കാൻ തുടങ്ങിയതിനാൽ മത്തായി കഴിഞ്ഞ ദിവസം ഈ ഭാഗം അടച്ചുകെട്ടിയിരുന്നു.
സ്ത്രീകൾ മാത്രമുള്ള കടയുടെ പിറകിലെ ബെഞ്ചിൽ ചൂണ്ടയിടാനെന്ന പേരിലെത്തി മദ്യപിക്കാൻ തുടങ്ങിയതോടെയാണ് ബെഞ്ചടക്കം താഴിട്ടുപൂട്ടി കടയുടെ പിൻഭാഗം അടച്ചുകെട്ടിയത്. ഇതിന്റെ വൈരാഗ്യമാകാം ആക്രമണകാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ ബിന്ദു വൈക്കം പോലീസിൽ പരാതി നൽകി.
