റഫ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഗാസയുടെയും ഈജിപ്റ്റിന്റെയും അതിർത്തിയായ റഫ കവാടം ഭാഗികമായി തുറന്നു. രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന അതിർത്തി തുറന്നതോടെ, ഗുരുതരമായി പരിക്കേറ്റ് ചികിത്സ കാത്തിരുന്ന നൂറുകണക്കിനു പലസ്തീനികൾ വിദഗ്ധ ചികിത്സ തേടി ഈജിപ്റ്റിലേക്കു കടന്നുതുടങ്ങി. യുദ്ധം തകർത്ത ഗാസയിലെ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ വലിയ ആശ്വാസമാണ് ഈ നീക്കം നൽകുന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ അതിർത്തിയിൽ ആംബുലൻസുകളുടെ നീണ്ട നിര ദൃശ്യമായിരുന്നു. കാൻസർ രോഗികൾ, യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റവർ, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ അതിർത്തി കടക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഏകദേശം 20,000-ത്തോളം ആളുകൾ ചികിത്സയ്ക്കായി ഗാസയ്ക്ക് പുറത്തേക്ക് പോകാൻ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
