റ​ഷ്യ​ൻ എ​ണ്ണ ഉ​പേ​ക്ഷി​ക്കാ​ൻ ഇ​ന്ത്യ: യു​എ​സു​മാ​യി വ​ൻ വ്യാ​പാ​ര ക​രാ​ർ ഉ​റ​പ്പി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ച​താ​യി വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെ​വി​റ്റ്. അ​മേ​രി​ക്ക​യി​ൽ​നി​ന്നും വെ​ന​സ്വേ​ല​യി​ൽ​നി​ന്നും ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ വ്യാ​പാ​ര ക​രാ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ധാ​ര​ണ​യി​ലെ​ത്തി​യെ​ന്നും ലെ​വി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ, ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും. തി​ങ്ക​ളാ​ഴ്ച മോ​ദി​യും ട്രം​പും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

മോ​ദി ത​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ട്രം​പ്, ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് എ​ത്തി​യ​താ​യി ട്രൂ​ത്ത് സോ​ഷ്യ​ൽ പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഇ​തി​നു മ​റു​പ​ടി​യാ​യി, ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​കു​തി കു​റ​ച്ച ന​ട​പ​ടി​യെ 140 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള വ​ലി​യ നേ​ട്ട​മാ​യി മോ​ദി​യും എ​ക്സി​ൽ വി​ശേ​ഷി​പ്പി​ച്ചു.

കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കു സം​ര​ക്ഷ​ണം: പി​യൂ​ഷ് ഗോ​യ​ൽ
അ​തേ​സ​മ​യം, അ​മേ​രി​ക്ക​യു​മാ​യു​ള്ള പു​തി​യ ക​രാ​റി​ൽ ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളാ​യ കൃ​ഷി, ക്ഷീ​ര വ്യ​വ​സാ​യം എ​ന്നി​വ​യ്ക്കു പൂ​ർ​ണ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ അ​റി​യി​ച്ചു.

ഈ ​മേ​ഖ​ല​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ ബ​ലി​ക​ഴി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു വി​ട്ടു​വീ​ഴ്ച​യും ക​രാ​റി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കെ, ഇ​ന്ത്യ​യു​ടെ ഈ ​നീ​ക്കം അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​യൊ​രു​ക്കും.

ക്രൂ​ഡ് ഓ‍​യി​ൽ നി​ർ​ത്തു​മെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചി​ട്ടി​ല്ല: റ​ഷ്യ
മോ​സ്കോ: ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി നി​ർ​ത്തു​മെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് റ​ഷ്യ. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് നി​ർ​ത്താ​ൻ ഇ​ന്ത്യ സ​മ്മ​തി​ച്ചെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്ര പെ​സ്കോ​വ്.

ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം റ​ഷ്യ തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ണ്ണ ഇ​റ​ക്കു​മ​തി നി​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ എ​ണ്ണ​ക​ന്പ​നി​ക​ളു​ടെ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് റ​ഷ്യ​ൻ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​ണ് ഇ​ന്ത്യ. 88 ശ​ത​മാ​നം ക്രൂ​ഡ് ഓ​യി​ൽ ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. ചൈ​ന ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി.

Related posts

Leave a Comment