വാടകയ്ക്ക് വീട് കിട്ടുക എന്നാൽ നന്നേ പ്രയാസമുള്ള കാര്യമാണ്. നമ്മുടെ ഇഷ്ടത്തിനും ആഗ്രഹത്തിനുമൊക്കെ ഒത്തിണങ്ങിയ ഒരു വീട് ലഭിക്കാൻ ഭാഗ്യം വേണമെന്നും പറയും. പല വീടുകൾ കണ്ടിട്ടാകും അതിൽ ഒന്നെങ്കിലും നമുക്ക് ഇണങ്ങിയത് ശരിയാകുന്നത്. വീട് ലഭിച്ചാൽ ബ്രോക്കർ ചാർജ് ആയി ഒരു തുക നമ്മൾ ബ്രോക്കറിനു നൽകണം. വീട് ഉടമയ്ക്ക് മുന്ന് മാസത്തെ ഡിപ്പോസിറ്റും കൊടുത്തു കഴിഞ്ഞാൽ ആ വീട് നമുക്ക് എഗ്രിമെന്റ് ചെയ്യാം. ഇതാണ് സാധാരണയായി എല്ലാ സ്ഥലത്തും കാണപ്പെടുന്ന കാര്യം. എന്നാൽ വീട് നോക്കാൻ ചെന്നതിന് പണം ഈടാക്കുന്ന കാര്യത്തെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അത് സത്യമാണ്. അക്കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബംഗളൂരുവിലാണ് സംഭവം. ഒരു യുവാവ് തനിക്ക് താമസിക്കുന്നതിനായി വാടക വീട് അന്വേഷിച്ച് നടക്കുകയായിരുന്നു. ഒരു ബഹുനില കെട്ടിടത്തിനു മുന്നിലൂടെ നടന്നപ്പോൾ അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനോട് താമസിക്കാൻ എന്തെങ്കിലും സ്ഥലം ഒഴിഞ്ഞ് കിടക്കുന്നുണ്ടോ എന്ന് തിരക്കിയപ്പോൾ ഒരു അപ്പാർട്മെന്റിന്റെ കാര്യം സെക്യൂരിറ്റിക്കാരൻ പറഞ്ഞത്. ഉടൻതന്നെ ഉടമയുടെ ഫോൺ നമ്പറും കൊടുത്തു.
യുവാവ് വിശദാംശങ്ങൾക്കായി ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം യുവാവിനോട് അപ്പാർട്മെന്റ് വന്ന് കാണാൻ പറഞ്ഞു. സെക്യൂരിറ്റി ഗാർഡ് ഫ്ലാറ്റ് കാണിച്ചുതരുമെന്നും അയാൾ പറയുകയും ചെയ്തു. അങ്ങനെ അപ്പാർട്മെന്റ് കാണാനായി യുവാവ് ചെന്നു. അകത്തേക്ക് കടക്കും മുൻപ് സെക്യൂരിറ്റി ഗാർഡ് യുവാവിനോട് പറഞ്ഞ കാര്യം കേട്ട് അദ്ദേഹം ഞെട്ടിപ്പോയി. അപ്പാർട്മെന്റ് കാണമെങ്കിൽ ഒരു മാസത്തെ വാടക കൊടുക്കണം. എന്നാൽ ഉടമ ഫോൺ വിളിച്ചപ്പോൾ ഇക്കാര്യങ്ങളൊന്നും തന്നോട് സൂചിപ്പിച്ചില്ലെന്ന് യുവാവ് പറഞ്ഞു.
കൂടുതൽ സംസാരിക്കാൻ നിൽക്കാതെ യുവാവ് സ്ഥലം കാലിയാക്കി. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അതോടെ പോസ്റ്റും വൈറലായി. ഇതോടെ നിരവധി ആളുകളാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. സെക്യൂരിറ്റിക്കാരൻ പണം തട്ടാൻ ഇറക്കിയ ഉടായിപ്പ് വേലയാണെന്നാണ് പലരും പറഞ്ഞത്.
