കാട്ടാക്കട: കാട്ടാക്കടയിൽ കാലുകളിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ വയോ ധികയുടെ ഇടതുകാൽ മുറിച്ചുമാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വയോധികയുടെ നില ഗുരുതരമായിരുന്നു. അതിനിടയ്ക്കാണ് ഇന്നലെ ഇടതുകാൽ മുറിക്കേണ്ടി വന്നത്.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 4.15 ഓടെയാണ് അപകടമുണ്ടായത്. ബാലരാമപുരം സ്വദേശിനിയായ സുമതി (63) യ്ക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. കള്ളിക്കാട്ടുള്ളമകളുടെ വീട്ടിലേക്ക് പോകാനാണ് ഇവർ കാട്ടാക്കടയിൽ എത്തിയത്. ഈ സമയം നെയ്യാർഡാമിലേക്ക് പോവുകയായിരുന്ന ബസിൽ കയറാനായി തയാറെടുക്കുകയായിരുന്നു സുമതി.
ട്രിപ്പ് പോകാൻ ഡിപ്പോയിലെ ഡാം പ്ലാറ്റ് ഫോമിൽനിന്നും പിന്നിലേക്ക് എടുത്തു മുന്നോട്ടുപോകാൻ നേരം ബസിന്റെ പിന്നിൽ തട്ടി വയോധിക താഴേ വീണു. ഇതിനിടെ ഇവരുടെ കാലിലൂടെ ബസിന്റെ പിന്നിലെ ചക്രം കയറി ഇറങ്ങുകയായിരുന്നു. ഉടൻ സുമതിയെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ കെഎസ് ആർടിസിയുടെ ജാഗ്രതാക്കുറവില്ലെന്നും ഡ്രൈവർ കുറ്റക്കാരനല്ലെന്നും ഡിപ്പോ അധികൃതർ റിപ്പോർട്ട് നൽകി.
