പരവൂർ: ട്രാക്കുകളിൽ ആനകൾ ഇറങ്ങുന്നതും അപകടത്തിൽ അവ കൊല്ലപ്പെടുന്നതും തടയാൻ ഇന്ത്യൻ റെയിൽവേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നുഴഞ്ഞുകയറ്റം കണ്ടെത്തൽ സംവിധാനം വിന്യസിക്കുന്നു.ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം എന്നാണ് ഈ നൂതന സംവിധാനമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമായി. റെയിൽവേ ലൈനുകളിൽ പ്രത്യേകിച്ച് വനപ്രദേശങ്ങളിലും വര്യജീവി സംവേദനക്ഷമതയുള്ള പ്രദേശങ്ങളിലും ആനകൾ ട്രെയിനിടിച്ച് കൊല്ലപ്പെടുന്നത് തടയാനാണ് ഈ നടപടി.
പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് റെയിൽ മന്ത്രാലയം ഈ സംവിധാനം നടപ്പിലാക്കുന്നതിന് മുൻകൈ എടുത്തിട്ടുള്ളത്.റെയിൽവേ ട്രാക്കുകൾക്ക് സമീപത്തെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്ട്രിബ്യൂട്ടഡ് അക്കോസ്റ്റിക് സെൻസറുകൾ വഴിയാണ് കൃത്രിമ ബുദ്ധിയിൽ അധിഷ്ഠിതമായ ഈ സംവിധാനം പ്രവർത്തിക്കുന്നത്.
ആനകളുടെ ചലനത്തിന്റെ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത അക്കോസ്റ്റിക് സിഗ്നേച്ചറുകൾ ഈ സംവിധാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ട്രാക്കുകൾക്ക് സമീപമുള്ള ആനകളുടെ ചലനം കണ്ടെത്താൻ പ്രാപ്തമാക്കും. ട്രാക്കിൽ ആനകളുടെ സാന്നിധ്യം ഇത്തരത്തിൽ കണ്ടെത്തിക്കഴിഞ്ഞാൽ ലോക്കോ പൈലറ്റുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, റെയിൽവേ കൺട്രോൾ റൂമുകൾ എന്നിവിടങ്ങളിൽ തത്സമയ അലർട്ടുകൾ ഈ സംവിധാനം വഴി ലഭിക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കുകയോ അടിയന്തര സാഹചര്യങ്ങളിൽ നിർത്തിയിടുന്നത് അടക്കമുള്ള സമയബന്ധിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അനുവദിക്കും.നിലവിൽ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ വനം വകുപ്പ് തിരിച്ചറിഞ്ഞ 141 കിലോമീറ്റർ ദൂരമുള്ള ട്രാക്കിൽ ഈ സംവിധാനം ഇതിനകം പ്രവർത്തനക്ഷമമായി കഴിഞ്ഞു.
ഈസ്റ്റ് കോസ്റ്റ് റെയിൽവേ -368. 70 കിലോമീറ്റർ, നോർത്തേൺ റെയിൽവേ -52 കിലോമീറ്റർ, സൗത്ത് ഈസ്റ്റേൺ റെയിൽവേ -55 കിലോമീറ്റർ, നോർത്ത് ഈസ്റ്റേൺ റെയിൽവേ -99.18 കിലോമീറ്റർ, വെസ്റ്റേൺ റെയിൽവേ – 115 കിലോമീറ്റർ, സതേൺ റെയിൽവേ – 55.85 കിലോമീറ്റർ, ഈസ്റ്റ് സെൻട്രൽ റെയിൽവേ – 20.3 കിലോമീറ്റർ എന്നീ മേഖലകളിൽ കൂടി ഈ സംവിധാനം വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
ആനയും ട്രെയിനും കൂട്ടിയിടിച്ചാൽ ബന്ധപ്പെട്ട സോണൽ റെയിൽവേകൾ വനം വകുപ്പ് അധികൃതരുമായി ഏകോപനം നടത്തി വേണം അന്വേഷണം നടത്തേണ്ടതെന്നും മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിവർഷം ശരാശരി ഇത്തരത്തിലുള്ള 16 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
എഐ അധിഷ്ഠിത കണ്ടെത്തൽ സംവിധാനത്തിന് പുറമേ ഇന്ത്യൻ റെയിൽവേ നിരവധി അപകട ലഘൂകരണ നടപടികളും നടപ്പിലാക്കിയിട്ടുണ്ട്. ആനകളുടെ ചലനം സുരക്ഷിതവും സുഗമവുമാക്കുന്നതിന് അണ്ടർപാസുകളുടെയും റാമ്പുകളുടെയും നിർമാണം, ദുർബല പ്രദേശങ്ങളിൽ ട്രാക്കുകളിൽ വേലി സ്ഥാപിക്കൽ, ലോക്കോ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്നതിന് തിരിച്ചറിഞ്ഞ ആന ഇടനാഴികളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഇത് കൂടാതെ രാത്രിയിലോ കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളിലോ ട്രാക്കുകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് ഇന്ത്യൻ റെയിൽവേ തെർമൽ വിഷൻ കാമറകളും പരീക്ഷിച്ച് വരികയാണ്.
- എസ്.ആർ. സുധീർ കുമാർ
