കൊച്ചി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തെരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി – ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായത് 15 പേര്. സംസ്ഥാനത്തെ 703 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 100 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 243 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
ഓണ്‍ലൈന്‍ ദുരുപയോഗത്തിനും കുട്ടികളുടെ ചൂഷണത്തിനുമെതിരെ സീറോ ടോളറന്‍സ് നയം വീണ്ടും ഉറപ്പിച്ചുകൊണ്ട് മറ്റു വകുപ്പുകളുമായി മെച്ചപ്പെട്ട ഏകോപനവും ഇന്റലിജന്‍സ് ശേഖരണവും, കൂടുതല്‍ ശക്തമായ ഫീല്‍ഡ് എക്സിക്യൂഷന് എന്നിവയിലൂടെ കൂടുതല്‍ കാര്യക്ഷമമായിരുന്നു ഓപ്പറേഷന്‍പി- ഹണ്ട്.
ഈ രഹസ്യ എന്‍ഫോഴ്സ്മെന്റിന്റെ ഭാഗമായി, സിസിഎസ്സി സെന്റര്‍ സംസ്ഥാനത്തുടനീളമുള്ള 703 സംശയാസ്പദമായ സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അതാത് ജില്ലാ പോലീസ് മേധാവികളുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച 20 ജില്ലാതല ടീമുകള്‍ക്ക് ഏകോപിത വിവരങ്ങള്‍ നല്കി.
സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍, വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഈ സംഘങ്ങള്‍ ഒരേസമയം സംസ്ഥാനവ്യാപകമായിട്ടാണ് റെയ്ഡുകള്‍ നടത്തിയത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ സെക്ഷന്‍ 67 എ, 67 ബി എന്നിവ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
- സ്വന്തം ലേഖിക
